സി.ബി.ഐ തമ്മിലടിക്കേസിലെ രഹസ്യം ചോര്‍ന്നതില്‍ ക്ഷോഭിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- സി.ബി.ഐ ഉന്നത മേധാവിമാര്‍ തമ്മിലുള്ള പോരിന്റെ ഭാഗമായി ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച രഹസ്യ റിപോര്‍ട്ടിലെ ഉള്ളടക്കം പുറത്തായതില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ക്ഷുഭിതരായി. അധികാരങ്ങള്‍ എടുത്തുമാറ്റി തന്നെ സി.ബി.ഐ മേധാവി പദവിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ വിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത സി.ബി.ഐ മേധാവി അലോക് വര്‍മ സമര്‍പിച്ച് ഹര്‍ജി പരിഗണനയ്‌ക്കെടുത്തതായിരുന്നു കോടതി. അലോക് വര്‍മയ്‌ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷണന്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടും അതിനു വര്‍മ നല്‍കിയ മറുപടിയും സീല്‍ ചെയ്ത കവറില്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇവ കോടതി പരിഗണിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം ഈ റിപോര്‍ട്ടിലെ ഉള്ളടക്കം വാര്‍ത്താ വെബ്‌സൈറ്റായ ദി വയര്‍ പുറത്തു വിട്ടത്. കേസില്‍ ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണനയ്‌ക്കെടുത്ത ഉടന്‍ ഈ രഹസ്യ റിപോര്‍ട്ടിലെ ഉള്ളടക്കം എങ്ങനെ വാര്‍ത്താ വെബ്‌സൈറ്റിനു ലഭിച്ചുവെന്ന് ചോദിച്ച് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് കടുത്ത അതൃപ്തി അലോക് വര്‍മയുടെ അഭിഭാഷകനായ മുതിര്‍ന്ന നിയമജ്ഞന്‍ ഫാലി നരിമാനെ അറിയിച്ചു. വയറില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസ് അഭിഭാഷകനു നല്‍കി ഇതു സംബന്ധിച്ച് മറുപടി നല്‍കണമെന്നും വേണമെങ്കില്‍ സമയമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ശേഷം കേസ് ഈ മാസം 29ലേക്ക് മാറ്റി മറ്റു കേസുകളിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ വര്‍മയുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിന്റെ ബെഞ്ചിനു മുമ്പാകെ വീണ്ടും ഹര്‍ജി പരാമര്‍ശിക്കുകയും ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കോടതി അംഗീകരിച്ചു. മറ്റു കേസുകള്‍ക്ക് ശേഷം പരിഗണിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. 

എങ്ങനെ ഈ റിപോര്‍ട്ടിലെ ഉള്ളടക്കം ചോര്‍ന്നുവെന്ന് അറിയില്ലെന്ന് നരിമാന്‍ കോടതി മുമ്പാകെ വ്യക്തമാക്കി. എന്നാല്‍ കാരണമൊന്നും വ്യക്തമാക്കാതെയാണ് വാദം കേള്‍ക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്. റിപോര്‍ട്ട് ചോര്‍ന്നതില്‍ നരിമാനും അതൃപ്തി അറിയിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അതീവ രഹസ്യങ്ങള്‍ അതു പോലെ സൂക്ഷിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ അസാധാരണമായി രേഖകളെല്ലാം എടുത്ത് എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നുവെന്ന് നേരത്തെ ബെഞ്ച് പറഞ്ഞിരുന്നു. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, നിയമ മന്ത്രാലയം സെക്രട്ടറി, ഒരു കേന്ദ്ര സഹമന്ത്രി എന്നിവര്‍ക്കെതിരെ സി.ബി.ഐ ഓഫീസര്‍ ഉന്നയിച്ച ആരോപണമാണ് കഴിഞ്ഞ ദിവസം വയര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച രഹസ്യ റിപോര്‍ട്ട് ചോര്‍ത്തിയതല്ലെന്നും വിജിലന്‍സ് കമ്മീഷന്റെ ചോദ്യാവലിക്ക് സി.ബി.ഐ മേധാവി അലോക് വര്‍മ എഴുതി നല്‍കിയ മുറുപടിയുടെ അടിസ്ഥാനത്തിലാണെന്നും ദി വയര്‍ വ്യക്തമാക്കി.  

Latest News