Sorry, you need to enable JavaScript to visit this website.

അഴിമതി അന്വേഷണത്തില്‍ അജിത് ഡോവല്‍ ഇടപെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ന്യൂദല്‍ഹി- സി.ബി.ഐയിലെ രണ്ടാമന്‍ രാകേഷ് അസ്താനക്കെതിരായ അഴിമതി അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ടതായി സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ മനീഷ് കുമാര്‍ സിന്‍ഹ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ അവകാശപ്പെട്ടു. അഴിമതിക്കേസ് അന്വേഷണത്തില്‍ സുപ്രധാനമായ റെയ്ഡ് അനുവദിച്ചില്ലെന്നാണ് പരാതി.
സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യവസായിയില്‍നിന്ന്  കേന്ദ്ര മന്ത്രി കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായ മനീഷ് കുമാര്‍ സിന്‍ഹ ഉന്നയിച്ച മറ്റൊരു ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയും ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവുമായ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരിയാണ് വിവാദ വ്യവസായിയില്‍നിന്ന് കൈക്കൂലി വാങ്ങിയത്. കേന്ദ്ര മന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയ കാര്യം ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് ബാബുവാണ് തന്നോട് പറഞ്ഞത്. അഹമ്മദാബാദ് സ്വദേശിയായ വിപുല്‍  മുഖേനയാണ് കൈക്കൂലി ഇടപാട് നടന്നത്. മാംസ കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയതിലെ ഇടനിലക്കാരനാണ് സതീഷ് ബാബു. ഈ കേസില്‍ സതീഷ് ബാബുവും പ്രതിയാണ്. കൈക്കൂലി കേസിന്റെ അന്വേഷണച്ചുമതല സിന്‍ഹക്കായിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ നാഗ്പൂരിലേക്കു സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹരജിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ആയിരക്കണക്കിനു കോടി രൂപ ബാങ്ക് വായ്പയെടുത്തു മുങ്ങിയ നീരവ് മോഡിക്കും മെഹുല്‍ ചോക്‌സിക്കുമെതിരായ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിച്ച സംഘത്തിലും മനീഷ് കുമാര്‍ സിന്‍ഹയുണ്ടായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ഒന്നാം പ്രതിയായ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ അജിത് ഡോവല്‍ ശ്രമിച്ചുവെന്ന് മനീഷ് കുമാര്‍ സിന്‍ഹ ഹരജിയില്‍ പറയുന്നു. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്താനയുടെ വസതിയിലും ഓഫീസിലും പരിശോധന നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതു തടയാന്‍ അജിത് ഡോവല്‍ ശ്രമിച്ചു.
തന്റെ സ്ഥലംമാറ്റം ഏകപക്ഷീയവും വഞ്ചനാപരവും രാഷ്ട്രീയ പ്രേരിതവുമാണ്. വന്‍ സ്വാധീനമുള്ള വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഇരകളാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണിത്. അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ വേണ്ടിയാണ് തന്നെ സ്ഥലം മാറ്റിയതെന്നും സിന്‍ഹ ഹരജിയില്‍ പറയുന്നു. അസ്താനയുടേതുള്‍പ്പെടെയുള്ള കേസന്വേഷണങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട കാര്യവും സിന്‍ഹ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിക്കെതിരെ ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സിന്‍ഹ കോടതിയില്‍ പറഞ്ഞെങ്കിലും ഇതൊന്നും തങ്ങളെ ഞെട്ടിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തന്റെ ഹരജി വേഗം പരിഗണിക്കണമെന്ന സിന്‍ഹയുടെ ആവശ്യം കോടതി തള്ളി.
അതേസമയം, സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍നിന്നു നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടി ചോദ്യംചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. തനിക്കെതിരേ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ വര്‍മ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
കേസ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും നാല് മണിക്ക് മുമ്പ് മറുപടി സമര്‍പ്പിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  മുദ്ര വെച്ച കവറില്‍  മറുപടി  സമര്‍പ്പിച്ചു.

 

 

Latest News