കര്‍ണാടകയില്‍ വാഹനാപകടം; ജിദ്ദയിലെ പ്രവാസി വ്യവസായി മരിച്ചു

ജിദ്ദ- വ്യവസായിയും ജിദ്ദയിലെ സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ കൊണ്ടോട്ടി പഴയങ്ങാടി പരേതനായ കൊണ്ടശ്ശന്‍ കോയാമുട്ടിയുടെ മകന്‍ മുഹമ്മദ് മുസ്തഫ (44) മൈസൂരിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രാമനാട്ടുകര സ്വദേശി സിദ്ദീഖിന് (22) പരിക്കേറ്റു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. കൊണ്ടോട്ടിയില്‍ നിന്ന് മൈസൂരിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മാണ്ഡ്യയിയില്‍ വെച്ച് ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ സിദ്ദീഖ് മൈസൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഡേ ഫ്രഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ്, കോഴിക്കോട് മാവൂര്‍ റോഡില്‍ വിദേശ പഴങ്ങള്‍ മാത്രം വില്‍പ്പന നടത്തുന്ന ഫ്രൂട്ട് ട്രീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു മുസ്തഫ. കേരളത്തില്‍നിന്ന് പഴങ്ങളും പച്ചക്കറികളും സൗദിയിലെത്തിച്ച് ഡേ ഫ്രഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന പേരില്‍ വിതരണം നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ജിദ്ദയില്‍ നിന്ന് ദുബായ് വഴി നാട്ടിലേക്കു പോയത്. ജിദ്ദ കൊണ്ടോട്ടി സെന്ററിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുസ്തഫ കൊണ്ടോട്ടിയിലെ ജീവകാരുണ്യ സാംസ്‌കാരിക മേഖലയിലും സജീവമായിരുന്നു. മൃതദേഹം  നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കി. ജിദ്ദ ഇംപാല ഗാര്‍ഡനില്‍ മുസ്തഫക്കു വേണ്ടി പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു.
മാതാവ്: കുഞ്ഞീമ. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് ഷാബില്‍, ഫസ്മി, ഫില്‍സ, ഫസ. സഹോദരങ്ങള്‍: സൈനബ (വലിയപറമ്പ്), സല്‍മത്ത് (വാഴയൂര്‍), സുഹ്‌റ (പോത്തുകല്ല്), ഖദീജ (കുന്നുംപുറം), നൗഷാദ് (ഡേ-ഫ്രഷ്), സലാം, മൊയ്തീന്‍കുട്ടി, മനാഫ്.

 

Latest News