റിയാദ് - തലസ്ഥാന നഗരിയിലെ ഏതാനും ഡിസ്ട്രിക്ടുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ എട്ടംഗ കവർച്ചാ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ആറു സിറിയക്കാരും രണ്ടു സൗദി പൗരന്മാരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. പൂട്ടുകൾ പൊളിച്ചും എയർകണ്ടീഷനർ ദ്വാരം വഴിയും അകത്തു കടന്നാണ് സംഘം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തിയിരുന്നത്. പണവും മൊബൈൽ ഫോൺ റീചാർജ് കാർഡുകളുമാണ് സംഘം കവർന്നിരുന്നത്. റിയാദിലെ വിവിധ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന 55 വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തിയതായി ചോദ്യം ചെയ്യലിൽ സംഘം സമ്മതിച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നതിന് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്ന് റിയാദ് പോലീസ് പറഞ്ഞു.