ജിദ്ദ - ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച ശ്രീലങ്കക്കാരനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഉത്തര ജിദ്ദയിലെ അൽഹംദാനിയ ഡിസ്ട്രിക്ടിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ഗോവണിയിൽ വെച്ച് ബാലികയെ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനാണ് പ്രതി ശ്രമിച്ചത്. മാതാവിന്റെ ശ്രദ്ധയിൽ പെട്ടതാണ് പതിമൂന്നുകാരിയെ പ്രതിയുടെ കൈയിൽ നിന്ന് രക്ഷപ്പെടുത്തിയത്. മാതാവ് ഓടിയെത്തിയതോടെ ബാലികയെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.
ഉടൻ തന്നെ ഇതേക്കുറിച്ച് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടു. സുരക്ഷാ വകുപ്പുകൾ സ്ഥലത്തെത്തി അന്വേഷണം നടത്തി വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി പ്രതിയെ പിന്നീട് അൽസാമിർ പോലീസിന് കൈമാറി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി നിയമ നടപടികൾ സ്വീകരിക്കുന്നതിന് ശ്രീലങ്കക്കാരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.






