കൊച്ചി- ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ പോലീസിന്റെ സാന്നിധ്യം അമിതമാണെന്ന് വിമര്‍ശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി നിര്‍ദേശം. ഭക്തരെ രാത്രി തിരിച്ചയക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണത്തെ കോടതി അനുകൂലിച്ചു. പോലീസ് ഇടപെടലിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് എയജി ഹൈക്കോടതിയില്‍ ഹാജരായത്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത വിഷയമല്ല ഹൈക്കോടതി പരിഗണിക്കുന്നതെന്നും യഥാര്‍ഥ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളാണു പരിഗണിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭക്തരെ എന്തുകൊണ്ട് നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കുന്നില്ലെന്ന ചോദ്യത്തിന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിശ്രമിക്കാന്‍ വേറെ സ്ഥലമുണ്ടെന്നാണ് എ.ജി മറുപടി നല്‍കിയത്.
പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ശുപാര്‍ശ നടപ്പാക്കിയോയെന്നും കോടതി ആരാഞ്ഞു. ഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചോ എന്നകാര്യത്തിലും പോലീസ് മേധാവി സത്യവാങ്മൂലം നല്‍കണം.
നടപ്പന്തലില്‍ പ്രശ്‌നമുണ്ടാക്കിയ ആര്‍.എസ.്എസുകാരാണ് പിടിയിലായതെന്നും
ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടന്നിട്ടുണ്ടെന്നും എ.ജി പറഞ്ഞു. സംഘമായി എത്തണമെന്ന ബി.ജെ.പി സര്‍ക്കുലര്‍ എ.ജി കോടതിയില്‍ സമര്‍പ്പിച്ചു. പല പാര്‍ട്ടികള്‍ക്കും പല അജണ്ടകള്‍ കാണുമെന്ന് കോടതി വ്യക്തമാക്കി.
ശബരിമലയില്‍ പോലീസിന്റെ ഇടപെടല്‍ അമിതമാണെന്നു രാവിലെ വാദം കേള്‍ക്കുമ്പോഴാണ് കോടതി നിരീക്ഷിച്ചത്. സുപ്രീം കോടതി ഉത്തരവു പാലിക്കാന്‍ ബാധ്യസ്ഥമാണെങ്കിലും അതിന്റെ പേരില്‍ അമിത ഇടപെടല്‍ പാടില്ല. കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കരുത്. ശൗചാലയങ്ങളും കൂടിവെള്ളവും ഭക്തര്‍ക്ക് ഉറപ്പാക്കണം. യഥാര്‍ഥ ഭക്തര്‍ക്കു സുഗമമായി തീര്‍ഥാടനം നടത്താന്‍ കഴിയണം- ഹൈക്കോടതി പറഞ്ഞു.
ശബരിമലയില്‍ ചുമതലയേല്‍പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.






