Sorry, you need to enable JavaScript to visit this website.

തുർക്കി ബഹിഷ്‌കരണം ആവശ്യപ്പെട്ട് സൗദിയിൽ പ്രചാരണം

റിയാദ് - തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും തുർക്കിയിലേക്കുള്ള വിനോദ യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിലൂടെ സൗദികളുടെ ജനകീയ പ്രചാരണം. രണ്ട് ഹാഷ്ടാഗുകൾ ആരംഭിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. തുർക്കിയിൽ നേരത്തെ കവർച്ചകൾക്കും ഉപദ്രവങ്ങൾക്കും വിധേയരായ ഗൾഫ് യുവാക്കൾ മാസങ്ങൾക്കു മുമ്പ് തുർക്കി യാത്ര ഒഴിവാക്കണമെന്നും തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിലൂടെ പ്രചാരണം നടത്തിയിരുന്നു. സമാനമായ പ്രചാരണമാണ് സൗദി യുവാക്കളും ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 
ജമാൽ ഖശോഗി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയെ രാഷ്ട്രീയമായും സാമ്പത്തികമായും ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള തുർക്കിയുടെ ശ്രമത്തിൽ സൗദി സാമൂഹിക മാധ്യമ ഉപയോക്താക്കൾ കടുത്ത രോഷം പ്രകടിപ്പിച്ചു. ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടുന്ന തുർക്കി വിനോദ സഞ്ചാരികൾക്ക് സുരക്ഷിത രാജ്യമല്ല. ചില തുർക്കി പൗരന്മാർ അറബികളോടും ഗൾഫ് പൗരന്മാരോടും ശത്രുത വെച്ചുപുലർത്തുന്നവരാണ്. ഇതെല്ലാം കണക്കിലെടുത്ത് തുർക്കി യാത്ര ഒഴിവാക്കണമെന്നും തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 
ഏറ്റവും കൂടുതൽ പേർ തുർക്കി സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് സൗദി അറേബ്യയെന്ന് തുർക്കി സാംസ്‌കാരിക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ ആറര ലക്ഷം സൗദികൾ തുർക്കി സന്ദർശിച്ചു. 2016 ൽ 5,30,000 സൗദികളും 2015 ൽ നാലര ലക്ഷം സൗദികളുമാണ് തുർക്കി സന്ദർശിച്ചത്. സൗദി അറേബ്യയിലേക്കുള്ള തുർക്കി ഉൽപന്നങ്ങളുടെ ഇറക്കുമതി സമീപ കാലത്ത് വർധിച്ചിട്ടുണ്ട്. തുർക്കി ഉൽപന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ആറാം സ്ഥാനത്താണ്. 
ഖശോഗി പ്രതിസന്ധി തുർക്കിയുടെ യഥാർഥ മുഖം വെളിച്ചത്തു കൊണ്ടുവന്നതായി ഈജിപ്ഷ്യൻ രാഷ്ട്രീയ ഗവേഷകൻ മുഹമ്മദ് ഹാമിദ് തുർക്കി വിരുദ്ധ പ്രചാരണത്തിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടു. അറബ്, ഇസ്‌ലാമിക ലോകത്തിന് പിന്തുണ നൽകുന്നതിൽ സൗദി അറേബ്യക്കുള്ള ചരിത്രപരമായ പങ്ക് നിഷ്പ്രഭമാക്കുന്നതിനും സൗദി അറേബ്യയെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനും രാജ്യത്തിന്റെ സൽപേരിന് കളങ്കം ചാർത്തുന്നതിനുമാണ് തുർക്കി ശ്രമിക്കുന്നത്. തുടക്കത്തിൽ തന്നെ കുറ്റകൃത്യം തടയുന്നതിന് തുർക്കിക്ക് സാധിക്കുമായിരുന്നു. എന്നാൽ തങ്ങൾക്ക് ഗുണകരമായി മാറുമെന്ന കാര്യം കണക്കിലെടുത്ത് കുറ്റകൃത്യം സംഭവിക്കുന്നതിനാണ് തുർക്കി മുൻഗണന നൽകിയത്. 
സാംസ്‌കാരിക അധിനിവേശത്തിലൂടെ അറബ് രാജ്യങ്ങളിൽ പുതിയ കടന്നുകയറ്റത്തിനാണ് തുർക്കി ശ്രമിക്കുന്നത്. ടി.വി സീരിയലുകൾ വഴി അറബികളെ വിസ്മയിപ്പിക്കുന്നതിന് തുർക്കി ശ്രമിച്ചു. ഇതിന്റെ ഫലമായി അറബ് രാജ്യങ്ങളിൽ നിന്ന് തുർക്കിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. ഇതോടെയാണ് തുർക്കിയിലും ഇറാഖിലും ഖത്തറിലും സുഡാനിലും സോമാലിയയിലും സൈനിക താവളങ്ങൾ സ്ഥാപിച്ചും സ്വാധീനം ചെലുത്തിയും പരുക്കൻ ഇടപെടലുകൾ നടത്തി തങ്ങളുടെ വികൃത മുഖം തുർക്കി വെളിപ്പെടുത്തുന്നതിന് തുടങ്ങിയത്. മുസ്‌ലിം ബ്രദർഹുഡിനെയും ഇറാനെയും ഒരേസമയം പിന്തുണക്കുന്ന തുർക്കിയെ അപേക്ഷിച്ച് അറബ് വിനോദ സഞ്ചാരികൾക്ക് നല്ലത് ശറമുശ്ശൈഖും മൊറോക്കോയും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ്. നിലവിൽ തുർക്കിയിലേക്ക് പോകുന്നവർ ഗൾഫിൽ സ്വാധീനവും ആധിപത്യവും സ്ഥാപിക്കുന്നതിന് ശ്രമിക്കുന്ന മുസ്‌ലിം ബ്രദർഹുഡിന്റെ ആഗോള തലതൊട്ടപ്പനാണ് പണം നൽകുന്നതെന്നും മുഹമ്മദ് ഹാമിദ് അഭിപ്രായപ്പെട്ടു. 
ശത്രുവിന്റെ രാജ്യത്തേക്ക് യാത്ര പോകുന്നത് വിഡ്ഢിത്തമാണെന്ന് സൗദി രാഷ്ട്രീയ നിരീക്ഷകൻ യഹ്‌യ അൽതുലൈദി പറഞ്ഞു. ഇറാനേക്കാൾ ഒട്ടും ശത്രുത കുറഞ്ഞ രാജ്യമല്ല തുർക്കി. ഇറാൻ സ്വപ്‌നം കാണുന്നതു പോലെ തന്നെ അറബ്, ഇസ്‌ലാമിക ലോകത്ത് വിപുലീകരണ, ഖിലാഫത്ത് സ്വപ്‌നം തുർക്കിയും കാണുന്നു. തുർക്കിയുടെയും ഇറാന്റെയും വിപുലീകരണ പദ്ധതികൾക്കെതിരെ സൗദി അറേബ്യ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇതാണ് സൗദി അറേബ്യക്കെതിരെ അവർ ഗൂഢാലോചന നടത്തുന്നതിന് കാരണമെന്നും യഹ്‌യ അൽതുലൈദി പറഞ്ഞു. 
തുർക്കിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബഹിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ലെബനീസ് മാധ്യമ പ്രവർത്തക മാരിയ മഅ്‌ലൂഫ് പറഞ്ഞു. ഒന്നാം ലോക മഹായുദ്ധ കാലത്ത് അറബികളും മുസ്‌ലിംകളും തുർക്കികളെ വിറ്റെന്നും തുർക്കി പൗരനല്ലാതെ തുർക്കി പൗരന് അടുത്ത സുഹൃത്തില്ല എന്നും കുട്ടികളെ പഠിപ്പിക്കുന്ന കഥ തുർക്കി പാഠപുസ്തകത്തിലുണ്ട്. ഈ കഥ പഠിച്ചാണ് തുർക്കി കുട്ടികൾ വളരുന്നതെന്നും മാരിയ മഅ്‌ലൂഫ് പറഞ്ഞു.
തുർക്കി ഉൽപന്നങ്ങൾക്കും ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നോണം തുർക്കിക്കും എമ്പാടും ബദലുകൾ ലഭ്യമാണ്. എന്നാൽ രാഷ്ട്രത്തിനും ഭരണകർത്താക്കൾക്കും ബദലില്ലെന്നും സൗദി പൗരന്മാരിൽ ഒരാൾ അഭിപ്രായപ്പെട്ടു. ഇരു ഹറമുകളുടെയും പരിചരണ ചുമതല സൗദി അറേബ്യയുടെ കൈയിൽ നിന്ന് എടുത്തു കളയണമെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അധികാര ഭ്രഷ്ടനാക്കണമെന്നും സൗദി അറേബ്യക്കു മേലുള്ള സമ്മർദം ശക്തമാക്കണമെന്നും സൗദി പൗരന്മാരെ തങ്ങളുടെ രാജ്യത്ത് വിചാരണ ചെയ്യണമെന്നും തുർക്കികൾ ആവശ്യപ്പെട്ടു. സൗദി കോൺസുലേറ്റിനെതിരെ അവർ ചാരവൃത്തി നടത്തി. ചരിത്രപരമായി തന്നെ തുർക്കികളുടെ കൈകളിൽ അറബികളുടെ രക്തക്കറയുണ്ട് -സൗദി പൗരൻ സൽമാൻ ബിൻ ഹസ്‌ലീൻ ട്വീറ്റ് ചെയ്തു. തുർക്കി ബഹിഷ്‌കരണത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേർ ഹാഷ്ടാഗുകളിൽ സന്ദേശങ്ങൾ രേഖപ്പെടുത്തി. 

Latest News