Sorry, you need to enable JavaScript to visit this website.

ഫാർമസി കോഴ്‌സ് ബിരുദധാരികൾക്ക് തൊഴിൽ ലഭ്യമാക്കാൻ പദ്ധതി

റിയാദ് - ഫാർമസി കോഴ്‌സ് ബിരുദധാരികളായ മുഴുവൻ സൗദികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ആരോഗ്യ മന്ത്രാലയവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ചേർന്നു രൂപം നൽകിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അറിയിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പാക്കിത്തുടങ്ങും. സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിനുള്ള പദ്ധതിയുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നോട്ടു പോവുകയാണ്. ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് സൗദികൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുൻകൈയെടുത്ത് പരിശീലനം നൽകിത്തുടങ്ങിയിട്ടുണ്ട്. എത്രയും വേഗത്തിൽ ഉന്നത തസ്തികകളിൽ സൗദിവൽക്കരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  സൗദികൾക്ക് പരിശീലനം നൽകുന്നത്. മാസങ്ങൾക്കുള്ളിൽ ഉന്നത തസ്തികകളിൽ സൗദിവൽക്കരണം നടപ്പാക്കിത്തുടങ്ങുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു.
 രാജ്യത്ത് എല്ലാ പ്രവിശ്യകളിലുമായി ആകെ 8665 ഫാർമസികളുള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫാർമസികളിലും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും ലൈസൻസുള്ള 24,265 ഫാർമസിസ്റ്റുകളുണ്ട്. ഫാർമസികളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളിൽ 93.1 ശതമാനവും വിദേശികളാണ്. സൗദികൾ 6.9 ശതമാനം മാത്രമാണ്. 22,602 വിദേശികളും 1663 സൗദികളും ഫാർമസിസ്റ്റുകളായി ജോലി ചെയ്യുന്നു. 
അഞ്ചു വർഷത്തിനുള്ളിൽ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണം 147 ശതമാനം തോതിൽ വർധിക്കുമെന്ന് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് പറഞ്ഞു. 2018 മുതൽ 2022 വരെയുള്ള കാലത്ത് സൗദി യൂനിവേഴ്‌സിറ്റികൾക്കു കീഴിലെ ഫാർമസി കോളേജുകളിൽ നിന്ന് 12,377 സൗദികൾ ഫാർമസി കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങുമെന്നാണ് കണക്കാക്കുന്നത്. ഇക്കൂട്ടത്തിൽ 6668 പേർ വനിതകളായിരിക്കും. ഈ വർഷം 1231 ഉം അടുത്ത വർഷം 2393 ഉം 2020 ൽ 2631 ഉം 2021 ൽ 3004 ഉം 2022 ൽ 3118 ഉം സൗദികൾ ഫാർമസി കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങുമെന്ന് യൂനിവേഴ്‌സിറ്റികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. 
2027 ൽ ഫാർമസി മേഖലയിൽ സൗദിവൽക്കരണം 74 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 ൽ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണം 26,600 ആയി ഉയരും. ഇതോടൊപ്പം വിദേശ ഫാർമസിസ്റ്റുകളുടെ എണ്ണം 9440 ആയി കുറയുകയും ചെയ്യും. 2027 ഓടെ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണം 222 ശതമാനം തോതിൽ വർധിക്കുകയും വിദേശ ഫാർമസിസ്റ്റുകളുടെ എണ്ണം 54 ശതമാനം തോതിൽ കുറയുകയും ചെയ്യും. 2027 ൽ സൗദികളും വിദേശികളും അടക്കം രാജ്യത്ത് ആകെ 36,000 ഓളം ഫാർമസിസ്റ്റുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2027 ഓടെ ഫാർമസി മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് വിദേശ ഫാർമസിസ്റ്റുകളുടെ എണ്ണം പ്രതിവർഷം 6.7 ശതമാനം തോതിൽ കുറക്കേണ്ടിവരുമെന്നും കണക്കാക്കുന്നു.

Latest News