മദീന - മസ്ജിദുന്നബവിക്കു സമീപത്തെ ഹോട്ടലിലെ താമസക്കാർക്ക് ഉറവിടമറിയാത്ത ഭക്ഷണം വിതരണം ചെയ്ത വിദേശികളെ ഹറം ബലദിയ ഉദ്യോഗസ്ഥരും കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക ദൗത്യസേനയും ചേർന്ന് പിടികൂടി.
ഹോട്ടലിലെ ഒന്നിലധികം നിലകളിലെ താമസക്കാർക്കിടയിൽ ഇവർ ഭക്ഷണം വിതരണം ചെയ്തിരുന്നു. വിദേശ തീർഥാടകർക്കിടയിൽ വിതരണത്തിന് എത്തിച്ച 150 കിലോയിലേറെ ഭക്ഷണങ്ങൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
ചോറും കറികളും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെ മറ്റെവിടെയോ വെച്ച് തയാറാക്കി ഹോട്ടലിൽ എത്തിച്ച് താമസക്കാർക്കിടയിൽ വിതരണം നടത്തുകയാണ് നിയമ ലംഘകർ ചെയ്തിരുന്നത്. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് വിദേശികളെ പിന്നീട് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. ഹോട്ടലിനെതിരെ നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കും.






