ജെ.എന്‍.യുവില്‍ കോണ്ടം കണ്ടെത്തിയ ഗ്യാന്‍ദേവ് ബി.ജെ.പി വിട്ടു

ജയ്പൂര്‍- ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഉപയോഗിച്ച 3000 കോണ്ടം കണ്ടെത്തിയെന്നതടക്കമുള്ള വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള ബി.ജെ.പി എം.ല്‍.എ ഗ്യാന്‍ ദേവ് അഹൂജ ഒടുവില്‍ പാര്‍ട്ടി വിട്ടു. ബി.ജെ.പിയുടേത് ഏകാധിപത്യ മനോഭാവമാണെന്ന് ആരോപിച്ചാണ് ഗ്യാന്‍ ദേവ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. അല്‍വാര്‍ ജില്ലയിലെ രാംഗഡില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതാണ് പ്രകോപനം. സുഖ്‌വന്ത് ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഗ്യാന്‍ ദേവ് പറഞ്ഞു.
ഹിന്ദുത്വ, ഗോക്കളുടെ സംരക്ഷണം, രാമ ജന്മഭൂമി എന്നിവക്കായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും-ഗ്യാന്‍ ദേവ് പറഞ്ഞു.
2016 ഫെബ്രുവരിയില്‍ ജെ.എന്‍.യുവിനെ കുറിച്ച് ഗ്യാന്‍ദേവ് നടത്തിയ പരാമര്‍ശം  ഏറെ വിവാദമായിരുന്നു. കാമ്പസിനകത്തുനിന്ന് 50,000 അസ്ഥികളും 3,000 ഉപയോഗിച്ച കോണ്ടങ്ങളും, 500 അബോര്‍ഷന്‍ കിറ്റുകളും, 10,000 സിഗരറ്റ് കുറ്റികളും ദിവസേന കണ്ടെടുക്കാറുണ്ടെന്നായിരുന്നു പ്രസ്താവന. സാംസ്‌കാരിക പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്‌നരായി നൃത്തം ചെയ്യാറുണ്ടെന്നും പറഞ്ഞിരുന്നു. അല്‍വാറില്‍ ആള്‍ക്കൂട്ടം  പെഹ്് ലു ഖാനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയും ചെയ്തു.

 

Latest News