Sorry, you need to enable JavaScript to visit this website.

അയ്യപ്പ ഭക്തര്‍ തീവ്രവാദികളല്ല, ശബരിമലയില്‍ സൗകര്യങ്ങളില്ല-കണ്ണന്താനം

നിലയ്ക്കല്‍-ശബരിമലയെ സര്‍ക്കാര്‍ സംഘര്‍ഷഭൂമിയാക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ആരോപിച്ചു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും നിലയ്ക്കലില്‍ അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് സന്ദര്‍ശനമെന്നും കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ശബരിമലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ ഭക്തര്‍ തീവ്രവാദികളല്ല. പോലീസ് എന്തുകൊണ്ട് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പെരുമാറിയെന്ന് പരിശോധിക്കണം. കേരളം പോലീസ് ഭരണത്തിനു കീഴിലാണെന്ന പ്രതീതിയാണുള്ളത്. ഭക്തര്‍ നാമജപം നടത്തിയാണ് പ്രതിഷേധിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യത്തില്‍ നടക്കാന്‍ പാടില്ല.  ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു. അതുമൂലം ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുമ്പിലാണെന്നും കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News