പൂനെ- മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തെലുങ്ക് കവി വരവര റാവുവിനെ ഈ മാസം 26 വരെ പൂനെ കോടതി, പോലീസ് കസ്റ്റഡിയിൽ വിട്ടു. അദ്ദേഹത്തിന്റെ വീട്ടുതടങ്കൽ ഈ മാസം 15ന് അവസാനിക്കുകയും, മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ പരാതി 16ന് കോടതി തള്ളുകയും ചെയ്തിരുന്നു. തുടർന്നാണ് പൂനെ പോലീസ് അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്നത്. ഇന്നലെ പൂനെയിലെ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് മുമ്പാകെ ഹാജരാക്കിയെ വരവര റാവുവിനെ 26 വരെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഒളിവിൽ കഴിയുന്ന ഉയർന്ന മാവോയിസ്റ്റ് നേതാക്കളുമായി വരവര റാവുവിന് ബന്ധമുണ്ടെന്നും, അവർക്കു വേണ്ടി ആയുധങ്ങൾ സംഭരിക്കുന്നതിനും, വിദ്യാർഥികളെ മാവോയിസ്റ്റുകൾക്കുവേണ്ടി ധനസമഹാരണം നടത്തുന്നതിന് റിക്രൂട്ട് ചെയ്യാറുണ്ടെന്നും ഗവൺമെന്റ് പ്ലീഡർ മജിസ്‌ട്രേറ്റ് മുമ്പാകെ വാദിച്ചു.
ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് വരവര റാവു അടക്കം ഏതാനും എഴുത്തുകാരെയും ബുദ്ധിജീവികളെയും ഓഗസ്റ്റ് 28ന് പൂനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ വീടുകളും ഓഫീസുകളുമടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.