- 56,000 വീടുകൾ പൂർണമായും തകർന്നു
സേലം- തമിഴ്‌നാട് തീരത്ത് വൻ നാശം വിതച്ച ഗജ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 45 ആയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതവും, നിസ്സാര പരിക്കേറ്റവർക്ക് 25,000 വീതവും നൽകും.
ചുഴലിക്കാറ്റിൽ 700 ലേറെ വളർത്തുമൃഗങ്ങങ്ങൾ ചത്തുവെന്നും കൃഷിനാശം വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് വൈകാതെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ചുഴലിക്കാറ്റിൽ വൻ നാശങ്ങളുണ്ടായ നാഗപട്ടണം ജില്ലയിൽ ഇന്നലെ മുഖ്യമന്ത്രി സന്ദർശനം നടത്തി. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് കൂടുതൽ മന്ത്രിമാരെ അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റിൽ 56,000 വീടുകൾ പൂർണമായും, 33,000 വീടുകൾ ഭാഗികമായും തകർന്നു. നാശനഷ്ടം നേരിട്ടവർക്കെല്ലാം ഉചിതമായ നഷ്ടപരിഹാരം സർക്കാർ നൽകും. ദുരന്ത ബാധിത പ്രദേശങ്ങളിൽനിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചതായും, 493 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ 372 മെഡിക്കൽ ക്യാമ്പുകളും 1014 മൊബൈൽ മെഡിക്കൽ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഏഴ് ജില്ലകളിലായി 1.7 ലക്ഷം വൃക്ഷങ്ങൾ കടപുഴകി. 347 ട്രാൻസ്‌ഫോർമറുകളും, 39,000 വൈദ്യുത പോസ്റ്റുകളും നിലംപതിച്ചു. 3559 കിലോമീറ്റർ വൈദ്യുതി ലൈനുകൾ പൊട്ടി വീണിരിക്കുകയാണെന്നും, ഇതാണ് പലയിടത്തും വൈദ്യുതി മുടങ്ങാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത ബോർഡ് ജീവനക്കാരുടെ വലിയ സംഘം തകരാറുകൾ പരിഹരിക്കാൻ രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.