റിയാദ് - ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കഴിഞ്ഞ വർഷം ടൂറിസം മേഖല 19,300 കോടി റിയാൽ സംഭാവന നൽകിയതായി ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ കണക്ക്. മറ്റു മേഖലകളെ അപേക്ഷിച്ച് അതിവേഗ വളർച്ചയാണ് ടൂറിസം മേഖലയിലുണ്ടായത്.
പെട്രോളിയം മേഖല കഴിഞ്ഞാൽ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് സംഭാവന നൽകുന്നതിൽ ഏറ്റവും വലിയ വളർച്ച ടൂറിസം മേഖലയിലാണ്. 2004 ൽ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് ടൂറിസം മേഖലയുടെ സംഭാവന 5730 കോടി റിയാലായിരുന്നു. 2016 ൽ ഇത് 16,680 കോടിയായി ഉയർന്നു. 2016 ൽ ടൂറിസം മേഖലയിൽ ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ഈ മേഖലയിൽ നിന്നുള്ള വരുമാനം 19,300 കോടിയിലേറെ റിയാലായി ഉയർന്നു. ഈ വർഷം ഈ മേഖലയിൽ നിന്നുള്ള വരുമാനം 21,100 കോടിയിലധികമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016 ൽ ഈ മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും ആകെ 5,69,181 തൊഴിലവസരങ്ങളാണുണ്ടായിരുന്നത്. ഇതിൽ 1,34,369 തൊഴിലവസരങ്ങൾ സൗദികൾക്കായിരുന്നു. 2017 ൽ ഈ മേഖലയിലെ തൊഴിലവസരങ്ങൾ 9,93,901 ആയി ഉയർന്നു. ഇതിൽ 2,83,262 പേർ സൗദികളായിരുന്നു. ഈ വർഷാവസാനത്തോടെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ 10,54,529 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 3,04,759 പേർ സൗദികളാകും.
കഴിഞ്ഞ വർഷാദ്യത്തിൽ രാജ്യത്ത് ടൂറിസം മേഖലയിൽ 60,600 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 2020 അവസാനത്തോടെ സ്ഥാപനങ്ങളുടെ എണ്ണം 77,800 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷാദ്യത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 5,09,800 ഹോട്ടൽ മുറികളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുമുണ്ട്. 2020 അവസാനത്തോടെ ഹോട്ടൽ മുറികളുടെയും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുടെയും എണ്ണം 6,21,600 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
2016 ൽ ടൂറിസം മേഖലുമായി ബന്ധപ്പെട്ട ഗതാഗത മേഖലയുടെ വരുമാനം നാലേകാൽ കോടിയും 2017 ൽ 5.8 കോടി റിയാലും ആയിരുന്നു. ഈ വർഷം ഇത് 6.37 കോടിയായും അടുത്ത കൊല്ലം 6.95 കോടിയായും 2020 ൽ 7.59 കോടിയായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്ഷണ, പാനീയ മേഖലാ സ്ഥാപനങ്ങൾ 2016 ൽ 3.96 കോടിയും 2017 ൽ 7.92 കോടിയും വരുമാനം നേടി. ഈ കൊല്ലം ഇത് 8.64 കോടിയും അടുത്ത കൊല്ലം 9.43 കോടിയും 2020 ൽ 10.28 കോടിയും ആയി ഉയരും. ട്രാവൽ ആന്റ് ടൂറിസം മേഖലാ സ്ഥാപനങ്ങൾ 27 ലക്ഷവും 2017 ൽ 1.73 കോടിയും വരുമാനം നേടി. 2018 ൽ 1.89 കോടിയും 2019 ൽ രണ്ടു കോടിയും 2020 ൽ 2.25 കോടിയും ഈ മേഖലയിലെ സ്ഥാപനങ്ങൾ വരുമാനം നേടുമെന്ന് കണക്കാക്കുന്നു. ടൂറിസ്റ്റ് അക്കൊമ്മഡേഷൻ സ്ഥാപനങ്ങൾ 2016 ൽ 3.8 കോടിയും 2017 ൽ 3.1 കോടിയും വരുമാനം നേടി. ഈ വർഷം 3.4 കോടിയും 2019 ൽ 3.7 കോടിയും 2020 ൽ നാലു കോടിയും ആയി ഈ മേഖലാ സ്ഥാപനങ്ങളുടെ വരുമാനം വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.