റിയാദ് - വിദേശ രാജ്യങ്ങളിൽ പുതിയ അംബാസഡർമാരായി നിയമിതരായ പതിനൊന്നു പേർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുല്ല അൽഗരീരി (മൊറോക്കൊ), അബ്ദുറഹ്മാൻ അൽസുഹൈബാനി (ന്യൂസിലാന്റ്), ഡോ.ഹമദ് ബിൻ അബ്ദുല്ല ബിൻ ഖിദൈർ (അസർബൈജാൻ), വലീദ് മുഖീം (പെറു), ഡോ.ഹുസൈൻ അൽ ദഖീലുല്ല (ഗ്വിനി), വലീദ് ബുഖാരി (ലെബനോൻ), ഇമാദ് അൽമുഹന്ന (ബ്രൂണെ), ഡോ.മുസാഅദ് അൽ മർവാനി (നേപ്പാൾ), അബ്ദുൽഅസീസ് അൽഉമൈരിനി (അൾജീരിയ), സ്വഖർ അൽഖുറശി (എരിത്രിയ), അബ്ദുറഹ്മാൻ അൽ ദഹാസ്(ഗാബോൺ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറും വിശ്വസ്തതയും കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാൽപര്യങ്ങളും നിയമങ്ങളും പാലിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാർഥമായും കർത്തവ്യങ്ങൾ നിർവഹിക്കുമെന്നും അല്ലാഹുവിന്റെ പേരിൽ ആണയിടുന്നു എന്ന വാചകം ഉരുവിട്ടാണ് അംബാസഡർമാർ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തത്.
നിയുക്ത അംബാസഡർമാർക്കും ഓസ്‌ട്രേലിയയിലെ പുതിയ അംബാസഡറായി നിയമിതനായ മുസാഅദ് അൽസുലൈമിനും രാജാവ് മാർഗനിർദേശങ്ങൾ നൽകി. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.