തെലങ്കാന സ്വദേശിയായ മധ്യവയസ്‌ക്കനെ യുഎസില്‍ 16കാരന്‍ വെടിവച്ചു കൊന്നു

ഹൈദരാബാദ്- തെലങ്കാനയിലെ മേദകില്‍ നിന്നുള്ള 61കാരനെ യുഎസിലെ ന്യൂജേഴ്‌സിയില്‍ കൗമാരക്കാരന്‍ വെടിവച്ചു കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്തു മുങ്ങി. സുനില്‍ എല്‍ഡയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകി എട്ടു മണിയോടെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ന്യുജേഴ്‌സിയിലെ വെന്റനര്‍ സിറ്റിയിലെ വീടിനു സമീപത്താണ് ആക്രമണമുണ്ടായത്. അറ്റ്‌ലാന്റിക് സിറ്റിയില്‍ ഒരു ഹോസ്പിറ്റാലിറ്റി കമ്പനിയില്‍ നൈറ്റ് ഓഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു സുനില്‍. രാത്രി ജോലിക്കായി വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് കൗമാരക്കാരന്റെ ആക്രമണത്തിനിരിയായത്. സുനിലിനെ വെടിവച്ചു കൊന്ന ശേഷം കാര്‍ തട്ടിയെടുത്തു പ്രതി മുങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ സുനില്‍ മരിച്ചു. പോലീസ് നടത്തിയ തിരച്ചലില്‍ വെള്ളിയാഴ്ച കൗമാരക്കാരനെ പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കൊലപാതകം, കൊള്ള, കാര്‍ തട്ടല്‍, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൗമാരക്കരനു മേല്‍ ചുമത്തിയിരിക്കുന്നത്. 1987 മുതല്‍ യുഎസിലുള്ള സുനില്‍ ഈ മാസം അവസാനത്തോടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങാനിരുന്നതാണ്.
 

Latest News