റിയാദ്- പൊതുമുതൽ നശിപ്പിക്കുന്നവരിൽനിന്ന് ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കാൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. വസ്തുവകകൾ നന്നാക്കുന്നതിനുള്ള തുകയും നാശനഷ്ടം വരുത്തിയവർ വഹിക്കേണ്ടിവരും. ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ പൊതുമുതൽ സംരക്ഷണ നിയമാവലി നടപ്പിലാക്കാൻ മന്ത്രാലയം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഇതുപ്രകാരം പൊതുവഴി നശിപ്പിക്കുന്നവർ ഒരു ലക്ഷം റിയാൽ പിഴയൊടുക്കേണ്ടിവരും. വ്യവസായ മേഖലയിലെ നിർമിതികളോ അനുബന്ധ സാമഗ്രികളോ നശിപ്പിച്ചാൽ ഇതേ പിഴ ശിക്ഷ ബാധകമാക്കും. ഒട്ടകങ്ങളും മറ്റും റോഡിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വേലിക്കെട്ടുകൾ പൊളിക്കുന്നവർ 50,000 റിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് പുതിയ നിയമാവലി വ്യക്തമാക്കുന്നു.






