പ്രധാനമന്ത്രി മോഡി മാലിദ്വീപില്‍; പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

മാലെ- ഒരിടവേളയ്ക്കു ശേഷം ഇന്ത്യ-മാലിദ്വീപ് ബന്ധത്തില്‍ മഞ്ഞുരുക്കം. മാലിദ്വീപില്‍ പ്രിസഡന്റായി ഈയിടെ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപിലെത്തി. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ എത്തുന്നത്. 2011ല്‍ മന്‍മോഹന്‍ സിങാണ് മാലി സന്ദര്‍ശിച്ചിരുന്നു. പരമ്പരാഗതമായി മാലിദ്വീപ് ഇന്ത്യയുമായി കൂടുതല്‍ അടുപ്പമുള്ള ദ്വീപുരാജ്യമാണെങ്കിലും മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനിന്റെ ഭരണ കാലത്ത് ചൈനയോട് കൂടുതല്‍ അടുത്തിരുന്നു. പലഘട്ടങ്ങളിലും ഇന്ത്യയെ അവഗണിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുകുയം രാജ്യത്തു നിന്ന് തുരത്തുകയും ചെയ്ത യമീന്റെ ഭരണം അവസാനിച്ചതോടെയാണ് ഇന്ത്യയും മാലിദ്വീപും തമ്മുലുള്ള ബന്ധത്തില്‍ വീണ്ടും പ്രതീക്ഷ ഉദിച്ചത്. നിയുക്ത പ്രസിഡന്റ് സോലിഹ് ഇന്ത്യയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം എടുത്തു പറയുകയും ചെയ്തിരുന്നു. മാലിദ്വീപില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചു വരുന്നതില്‍ ഇന്ത്യയ്ക്ക് വലിയ ആശങ്കയുണ്ട്. രാജ്യത്തെ ചൈനീസ് നിക്ഷേപങ്ങളും പദ്ധതികളും പുതിയ സര്‍ക്കാര്‍ പുനപ്പരിശോധന നടത്തി വരികയാണ്. മാലിദ്വീപില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യ വളരെ നല്ല പങ്കാണ് വഹിച്ചതെന്ന് മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഗയൂമും നേരത്തെ പ്രതികരിച്ചിരുന്നു.

Latest News