Sorry, you need to enable JavaScript to visit this website.

ഹര്‍ത്താലില്‍ ജനം വലഞ്ഞു; ശബരിമല തീര്‍ത്ഥാടകരും ബുദ്ധിമുട്ടി

പരിക്കേറ്റ ജൂലിയസ് നികിതാസിനും ഭാര്യ സാനിയോയും

തിരുവനന്തപുരം- ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന ഹര്‍ത്താലില്‍ ജനം വലഞ്ഞു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്്. പിന്നീട് ബി.ജെ.പി പിന്തുണയ്ക്കുകയും ചെയ്തു. നേരംവെളുത്തപ്പോഴാണ് പൊതുജനം ഹര്‍ത്താല്‍ വിവരം അറിഞ്ഞത്. രാവിലെ കെ.എസ.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും ഹര്‍ത്താല്‍ അനൂകൂലികല്‍ ആക്രമാസക്തമായി തെരുവിലിറങ്ങിയതോടെ റോഡുകള്‍ കാലിയായി. കെ.എസ്.ആര്‍.സി സര്‍വീസുകള്‍ നിര്‍ത്തിവച്ചത് പലയിടത്തും നിരവധി യാത്രക്കാരെ പെരുവഴിയിലാക്കി. ദൂരസ്ഥലങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവരും പെട്ടു. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളെജിലേക്കും റീജണല്‍ കാന്‍സര്‍ സെന്ററിലേക്കും ദൂര സ്ഥലങ്ങളില്‍ നിന്നും ട്രെയ്‌നിലെത്തിയ നിരവധി രോഗികളടക്കമുള്ളവര്‍ വലഞ്ഞു. ഇവരെ പോലീസ് ബസിലാണ് പിന്നീട് കൊണ്ടു പോയത്.

ശബരിമല തീര്‍ത്ഥാടനത്തിന് പുറപ്പെട്ട നിരവധി അയ്യപ്പ ഭക്തര്‍ ഹര്‍ത്താല്‍ മൂലം വലഞ്ഞു. സംഘപരിവാര്‍ സമരക്കാര്‍ കടകളും മറ്റും നിര്‍ബന്ധിച്ച് അടപ്പിച്ചതോടെ ചിലയിടങ്ങളില്‍ ഭക്തര്‍ വെള്ളവും ഭക്ഷണവുമില്ലാത കുടുങ്ങി. ഭക്തരേയും ജനങ്ങളേയും വെള്ളം പോലും നിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാട്ടില്‍ പ്രശനമുണ്ടാക്കാനാണു ശ്രമം. കരുനാഗപ്പള്ളിയിലും തലശേരിയിലും പ്രത്യേക വിഭാഗങ്ങളുടെ കടകള്‍ക്കു നേരെ ആക്രമണം നടന്നു. രാഷ്ട്രീയ ലാഭത്തിന് ജനങ്ങള്‍ക്കെതിരെയാണ് സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പോലീസ് ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തി. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യ ഏഷ്യാനെറ്റ് റിപോര്‍ട്ടര്‍ സാനിയോയ്ക്കും നേരെ അമ്പലക്കുളങ്ങരയില്‍ ആക്രമണമുണ്ടായി. ഇരുവര്‍ക്കും പരിക്കുണ്ട്. ഇവരെ കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം തിരൂര്‍ ബസ്റ്റാന്‍ഡില്‍ ആറംഗ സംഘം സ്വകാര്യ ബസ് ഡ്രൈവറേയും കണ്ടക്ടറേയും ഓട്ടോ ഡ്രൈവറേയും മര്‍ദിച്ചു. പണവും മൊബൈലുകം ഹര്‍ത്താല്‍ അനുകൂലികളായ അക്രമികള്‍ കവര്‍ന്നതായും പരാതിയുണ്ട്.

റോഡ ഗതാഗതം ഏതാണ്ട് പൂര്‍ണായി നിലച്ചതോടെ ട്രെയ്‌നുകളില്‍ നല്ല തിരക്കാണ്. വിവിധ ട്രെയ്‌നുകളുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കാലുകുത്താനിടമില്ലാത്ത തിക്കിത്തിരക്കിയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. നേത്രാവതി എക്‌സപ്രസ് കൊല്ലത്തെത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍്ട്ട്‌മെന്റിലെ ഓവര്‍ലോഡ് കാരണം യാത്രക്കാരെ സ്ലീപ്പര്‍ കോച്ചുകളിലേക്കു മാറ്റിയാണ് യാത്ര തുടര്‍ന്നത്.
 

Latest News