പ്രവാസികളയക്കുന്ന പണം ഏറ്റവും കൂടുതലെത്തുന്നത് കേരളത്തില്‍; കണക്കുകള്‍ ഇങ്ങനെ

മുംബൈ- വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കുന്ന പ്രവാസികളില്‍ മലയാളികള്‍ തന്നെ മുന്നില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് 4.96 ലക്ഷം കോടി രൂപയാണ്. (6900 കോടി ഡോളര്‍). പ്രവാസികളയച്ച പണം ഏറ്റവും കൂടുതല്‍ ലഭിച്ചത് കേരളത്തിനാണ്. 95,000 കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയത്. ഇന്ത്യയിലെത്തിയ മൊത്തം പ്രവാസി പണത്തിന്റെ 19 ശതമാനം വരുമിത്. 46 ശതമാനം പണവും എത്തിയത് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. 16.7 ശതമാനവുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. പ്രവാസികളയച്ച മൊത്തം പണത്തിന്റെ 58.7 ശതമാനവും സ്വന്തമാക്കിയത് കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ നാലു സംസ്ഥാനങ്ങളാണ്. (കണക്ക് ചാര്‍ട്ടില്‍)

ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ മുന്നില്‍
മൊത്തം പ്രവാസി പണത്തിന്റെ 82 ശതമാനവും യുഎഇ. യുഎസ്എ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബ്രിട്ടന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്നും റിസര്‍വ് ബാങ്ക് സര്‍വെ പറയുന്നു. പ്രവാസി ഇന്ത്യക്കാരില്‍ 90 ശതമാനത്തിലേറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈ വരവിന്റെ പകുതിയിലേറെയും. ഏറ്റവും കൂടുതല്‍ പണം എത്തിയത് യു.എ.ഇയില്‍ നിന്നാണ് (26.9 ശതമാനം). രണ്ടാം സ്ഥാനത്ത് യു.എസ്.എ (22.9) ആണ്. സൗദി അറേബ്യ (11.6) മുന്നാം സ്ഥാനത്തും.

പണമയക്കുന്നത് ആര്?
ബാങ്കുകളും മറ്റും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും വഴിയെത്തിയ ഈ പണത്തിന്റെ 70.3 ശതമാനവും 36,000 രൂപയും (500 ഡോളര്‍) അതില്‍ താഴെയുമുള്ള സംഖ്യകളുടെ ഇടപാടുകളായിട്ടാണ്. 2.7 ശതമാനം മാത്രമാണ് 15,000 രൂപയും (200 ഡോളര്‍) അതില്‍ താഴേയുമുള്ള ഇടപാടുകള്‍. ഇതു സൂചിപ്പിക്കുന്നത് വന്‍തോതിലുള്ള പ്രവാസി പണം എത്തിയിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ അവിദഗ്ധ പ്രവാസി ജോലിക്കാരില്‍ നിന്നാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. 

ചെലവഴിക്കുന്നത് എങ്ങനെ?
പ്രവാസികളയച്ച പണം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് വിട്ടാവശ്യങ്ങള്‍ക്കു വേണ്ടിയാണെന്ന് ബാങ്കുകളുടെ റിപോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് സര്‍വേ പറയുന്നു. ബാങ്ക് നിക്ഷേപമായി 20 ശതമാനവും ഭൂമി, ഓഹരി നിക്ഷേപങ്ങളായി 8.3 ശതമാനവുമാണ് ചെലഴിക്കപ്പെട്ടത്.

പണമയക്കുന്ന വഴി
മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വഴി വേഗത്തില്‍ അയക്കുന്ന രീതിയാണ് പണമയക്കലിന് പ്രവാസികള്‍ക്കിടയിലെ ഏറ്റവും സ്വീകാര്യതയുള്ള വഴിയെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നത്. 75.2 ശതമാനം പ്രവാസി പണവും ഈ മാര്‍ഗത്തിലൂടെയാണ് ഇന്ത്യയിലെത്തിയത്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് റുപീ ഡ്രോയിങ് അറേഞ്ച്‌മെന്റ് (ആര്‍.ഡി.എ) എന്ന മണി ട്രാന്‍സ്ഫര്‍ സംവിധാനം വഴി പണമെത്തുന്നത്. പരമ്പരാഗത ബാങ്കുകള്‍ക്കു പുറമെ വിദേശരാജ്യങ്ങളില്‍ നിന്നും പണം സ്വീകരിക്കാനും അയക്കാനുമുള്ള അംഗീകൃത വഴിയാണ് ആര്‍.ഡി.എ.

Latest News