കൊച്ചി- ശബരി മല ചവിട്ടിയ രഹ്‌ന ഫാത്തിമയുടെ ഫേസ് ബുക്ക് പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി.
മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കക്കോടതി തള്ളി. ശബരി മലയില്‍ തുലാമാസ പൂജക്ക് നടതുറന്നപ്പോള്‍ മല ചവിട്ടിയ രഹ്‌ന ഫാത്തിമ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങളും ചിത്രങ്ങളുമാണ് കേസിന് ആധാരം.
രഹ്‌ന ശബരിമലയില്‍ പോയെങ്കിലും അയ്യപ്പ ഭക്തയാണെന്ന് വാദിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ശബരിമല ഹിന്ദുക്കളുടെ ആരാധാന കേന്ദ്രമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമായിരുന്നു ഫേസ് ബുക്കിലെ പരാമര്‍ശങ്ങള്‍.
ചിത്രങ്ങളും പരാമര്‍ശങ്ങളും സദുദ്ദേശപരമാണെന്ന് കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. അയ്യപ്പഭക്തരുടെ വികാരങ്ങള്‍ വൃണപ്പെടുത്തിയെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. ഫേസ് ബുക്കിലെ ചിത്രങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത കംപ്യൂട്ടര്‍ അടക്കം പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.






