കണ്ണൂര്‍ - കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ മുഴുവന്‍ തസ്തികകളിലും സി.പി.എം സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് എയര്‍പോര്‍ട്ട് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. പദ്ധതിക്കു വേണ്ടി ഭൂമി വിട്ടുകൊടുത്തവരേയും, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരേയും പരിഗണിച്ചില്ലെങ്കില്‍ ഉദ്ഘാടന ദിവസം മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കി.
വിമാനത്താവളത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പു തന്നെ സി.പി.എം നേതാക്കള്‍ പല വിഭാഗങ്ങളിലായി സ്വന്തക്കാരെ തിരുകി കയറ്റാന്‍ തുടങ്ങിയിരുന്നു. നേതാക്കളുടെ ഒരു കുടുംബത്തില്‍നിന്നു തന്നെ ഒന്നിലേറെ പേര്‍ക്കു ജോലി നല്‍കി. വിമാനത്താവളത്തിനായി ഭൂമി വിട്ടു നല്‍കിയവര്‍ക്കു ഇവിടെ ജോലി നല്‍കുമെന്ന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. ഇത് കിയാല്‍ അധികൃതര്‍ പല തവണ ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി പൂര്‍ത്തീകരണത്തിലെത്തുമ്പോള്‍ ഇവരെ പൂര്‍ണമായും അവഗണിക്കുന്ന സ്ഥിതിയാണ്. 186 കുടുംബങ്ങളാണ് പദ്ധതിക്കായി ഭൂമിയും വീടും വിട്ടു കൊടുത്തത്. ഇതില്‍ 13 കുടുംബത്തിലെ ഒരാള്‍ക്കു വീതം മാത്രമാണ് ഇതുവരെ ജോലി നല്‍കിയത്. മറ്റുള്ളവരെ പൂര്‍ണമായും അവഗണിച്ചു. പദ്ധതിക്കു വേണ്ടി വര്‍ഷങ്ങളായി പ്രതികൂല കാലാവസ്ഥയില്‍ എല്‍ ആന്‍ഡ് ടിക്കു വേണ്ടി ജോലി ചെയ്ത തദ്ദേശീയരെ ക്ലീനിംഗ് അടക്കമുള്ള മേഖലകളില്‍ പരിഗണിക്കുമെന്ന് കിയാല്‍ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതും പാലിക്കപ്പെട്ടില്ല.
വിമാനത്താവളത്തിലെ വിവിധ ജോലികള്‍ക്കായി ഏജന്‍സികളെയാണ് നിയോഗിച്ചത്. യാതൊരു വിധത്തിലുള്ള അറിയിപ്പും നല്‍കാതെയാണ് ഇവയെ തെരഞ്ഞെടുത്തത്. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനും ഇവര്‍ക്കു വേതനം നല്‍കുന്നതിനുമുള്ള ഉത്തരവാദിത്തം ഈ ഏജന്‍സികള്‍ക്കാണ്. ഇവര്‍ ഇന്റര്‍വ്യു നടത്തി ചിലരെ നിശ്ചയിച്ചുവെങ്കിലും തുച്ഛമായ വേതനമാണ് നല്‍കുന്നതെന്നാണ്് ആക്ഷേപം. മാത്രമല്ല, ഈ നിയമനങ്ങളില്‍ പോലും സി.പി.എം പ്രാദേശിക നേതൃത്വം ഇടപെടുകയാണ്. കഴിഞ്ഞ ദിവസം ഇന്റര്‍വ്യു നടന്ന സ്ഥലത്ത് ബഹളമുണ്ടാവുകയും തുടര്‍ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ സംഘാടക സമിതിയിലോ ഉദ്ഘാടന ചടങ്ങിലോ ട്രേഡ് യൂനിയന്‍ നേതാക്കളെ ഉള്‍പ്പെടുത്താനോ യോഗത്തില്‍ പങ്കെടുപ്പിക്കാനോ തയാറായിട്ടില്ല.
വിമാനത്താവളത്തിനു ഭൂമി വിട്ടു കൊടുത്തവര്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും അര്‍ഹതക്കനുസരിച്ചുള്ള ജോലി നല്‍കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അമേരി മുസ്തഫ, മസ്ദൂര്‍ സംഘ് നേതാക്കളായ എം.വേണുഗോപാല്‍, കെ.സുരേഷ് ബാബു, എച്ച്.എം.എസ്.പ്രസിഡണ്ട് കെ.പി.രമേശന്‍, ജനറല്‍ സെക്രട്ടറി പി.പ്രജീഷ്, എ.ഐ.ടി.യു.സി നേതാവ് വരയത്ത് ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.