തൃപ്തി ദേശായി രാത്രി തന്നെ തിരിച്ചു പോകും

കൊച്ചി- ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയെ മടങ്ങൂവെന്ന വാശിയുമായി വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായി ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു. വിമാനത്താവളത്തിനകത്ത് 17 മണിക്കൂര്‍ ചെലവിട്ട ശേഷമാണ് തൃപ്തി മടങ്ങുന്നത്. രാത്രി 9.30ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് തൃപ്തിയുടേയും കൂടെയുള്ള യുവതികളുടേയും മടക്കം. തൃപ്തിയെയും സംഘത്തേയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലെത്തിയിരുന്നു. പോലീസും ഉന്നത ഉദ്യോഗസ്ഥരും നിരവധി തവണ തൃപ്തിയുമായി സംസാരിച്ചെങ്കിലും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന് തൃപ്തി ഒടുവില്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി നേരത്തെ അറിയിച്ചിരുന്നു. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. മങ്ങിപ്പോയാലും മണ്ഡല കാലത്തു തന്നെ തിരിച്ചെത്തുമെന്നും അവര്‍ പറഞ്ഞിരുന്നു.

Latest News