ശബരിമല നട തുറന്നു; കോടതിയോട് സാവകാശം തേടുമെന്ന് ദേവസ്വം

ശബരിമല- യുവതീ പ്രവേശനത്തെ ചൊല്ലിയുള്ള സംഘര്‍ഷാവസ്ഥയും പ്രതിഷേധവും നിലനില്‍ക്കെ മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. ശനിയാഴ്ച രാവിലെ മുതലാണ് മഹോത്സവം ആരംഭിക്കുക. ഇതിനു മുന്നോടിയായി ഇന്ന് പുതിയ മേല്‍ശാന്തിയായി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി എം.എന്‍ നാരായണന്‍ നമ്പൂതിരിയും സ്ഥാനമേല്‍ക്കും. വൈകീട്ട് എട്ടു മണിയോടെയാണ് സ്ഥാനമേല്‍ക്കല്‍ ചടങ്ങളുകള്‍ പൂര്‍ത്തിയാകുക.

പിടിമുറുക്കി പോലീസ്
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലും പരിസരത്തും പോലീസ് പിടിമുറുക്കിയിരിക്കുകയാണ്. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ദേവസ്വം ബോര്‍ഡിനു അതൃപ്തിയുള്ളതായും റിപോര്‍ട്ടുണ്ട്. നടയടച്ചാല്‍ സന്നിധാനത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്നാണ് പോലീസ് നിര്‍ദേശം. തീര്‍ത്ഥാടകരെ പിന്നീട് അനുവദിക്കില്ല. വഴിപാട് കൗണ്ടറുകള്‍ പൂട്ടണം, ഹോട്ടലുകളും കടകളും രാത്രി 11നു ശേഷം പ്രവര്‍ത്തിക്കരുത്. ഈ സമയത്തിനു ശേഷം കടകളില്‍ നിന്ന് ഭക്ഷണം നല്‍കരുത്. അപ്പം-അരവണ കൗണ്ടറുകള്‍ രാത്രി 10നും അന്നദാന കൗണ്ടര്‍ രാത്രി 11നും അടയ്ക്കണം. ദേവസ്വം ബോര്‍ഡിന്റെ പില്‍ഗ്രിം സെന്റര്‍, ഡോണര്‍ ഹൗസ് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ താമസിപ്പിക്കരുത്. മുറികള്‍ രാത്രി വാടകയ്ക്കു നല്‍കരുത്. നടയടച്ച ശേഷം എല്ലാ കെട്ടിടങ്ങളും പൂട്ടി താക്കോല്‍ ഏല്‍പ്പിക്കണമെന്നുമാണ് പോലീസിന്റെ നിര്‍ദേശം.

തൃപ്തി വിമാനത്താവളത്തില്‍ 12 മണിക്കൂര്‍ പിന്നിട്ടു
യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസറ്റ് തൃപ്തി ദേശായിയും ആറംഗ സംഘവും 12 മണിക്കൂറിലേറെയായി കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് ഇപ്പോഴും പുറത്തിറങ്ങാനായിട്ടില്ല. എന്നാല്‍ ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്ന വാശിയിലാണ് ഇവര്‍. പോലീസും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട് ഇവരെ തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല. തിരികെ പോകുന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചു. അതേസമയം മടങ്ങേണ്ടി വന്നാല്‍ ഈ മണ്ഡലകാല തീര്‍ത്ഥാടന സമയത്തു തന്നെ തിരിച്ചെത്തുമന്നും തൃപ്തി പറഞ്ഞു.

സാവകാശം തേടി ദേവസ്വം ബോര്‍ഡ് കോടതിയിലേക്ക്
അതിനിടെ യുവതീ പ്രവേശന വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വരും ദിവസങ്ങളില്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദ്രോദയ സിങ് ബോര്‍ഡിനു വേണ്ടി ഹാജരാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിജന്റ് എ. പത്മകുമാര്‍ പറഞ്ഞു. 

 

Latest News