മ്യാന്മറിലേക്ക് മടങ്ങില്ലെന്ന് റോഹിംഗ്യകള്‍; ബംഗ്ലാദേശിന്റെ ആദ്യനീക്കം പൊളിഞ്ഞു

മ്യാന്മറിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിനെതിരെ ടെക്്‌നാഫ് റിലീഫ് ക്യാമ്പിനു സമീപം റോഹിംഗ്യകള്‍ പ്രകടനം നടത്തിയപ്പോള്‍.

കോക്‌സസ് ബസാര്‍- മ്യാന്മറിലേക്ക് മടങ്ങാന്‍ റോഹിംഗ്യ അഭയാര്‍ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അധികൃതര്‍ പുനരധിവാസ പദ്ധതി അനിശ്ചതകാലത്തേക്ക് മാറ്റിവെച്ചു. പുനരധിവാസ പ്രക്രിയ ആസൂത്രണം ചെയ്യുന്നതിനായി നിയോഗിച്ച സംയുക്ത കര്‍മ സമിതിയുടെ ശുപാര്‍ശ റോഹിംഗ്യകളുടെ മടക്കത്തിന് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 27 കുടംബങ്ങളില്‍നിന്നുള്ള 150 റോഹിംഗ്യകളെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഗുംധും അതിര്‍ത്തിയില്‍ എത്തിച്ചിരുന്നുവെന്ന് അഭയാര്‍ഥി റിലീഫ് കമ്മീഷണര്‍ അബ്ദുല്‍ കലാം പറഞ്ഞു. ടെക്‌നാഫ് സബ് ജില്ലയിലെ അണ്‍ചിപ്രാങ് ക്യാമ്പില്‍ എത്തിച്ചവരോട് പോകാന്‍ ആവശ്യപ്പെട്ടിട്ടും ആരും മ്യാന്മറിലേക്ക് മടങ്ങാന്‍ തയാറായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകിട്ട് നാല് മണിവരെ കാത്തുനിന്നിട്ടും ആരും ബംഗ്ലാദേശ് വിടാന്‍ തയാറായില്ല. അടുത്ത പുനരധിവാസ തീയതി പ്രഖ്യാപിക്കുന്നതുവരെ 150 റോഹിംഗ്യകള്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ തന്നെ തുടരും. റോഹിംഗ്യകളുടെ താല്‍പര്യപ്രകാരമല്ലാതെ ആരേയും മടങ്ങാന്‍ നിര്‍ബന്ധിക്കില്ലെന്ന് അബ്ദുല്‍ കലാം പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം അടുത്ത പുനരധിവാസ തീയതി പ്രഖ്യാപിക്കും.

Latest News