മട്ടന്‍ പാകം ചെയ്യാന്‍ ഭാര്യ കൂടുതല്‍ സമയമെടുത്തു; യുവാവ് മകളെ കൊന്നു

പുര്‍ണിയ- ആട്ടിറച്ചി പാകം ചെയ്യുന്നതിന് ഭാര്യ കൂടുതല്‍ സമയമെടുത്തതില്‍ ക്ഷുഭിതനായ യുവാവ് നാല് വയസ്സായ ഏക മകളെ മര്‍ദിച്ചു കൊലപ്പെടുത്തി. ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്ന് 360 കി.മീ അകലെ ഫകിറോട്‌ലി ഗ്രാമത്തിലാണ് സംഭവം. 40 കാരനായ പ്രതി ശംഭുലാല്‍ ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റം സമ്മതിച്ച പ്രതി അതീവ ദുഃഖിതനാണെന്ന് പോലീസ് പറഞ്ഞു. ഭാര്യ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഗുജറാത്തില്‍ ജോലി ചെയ്യുന്ന യുവാവ് ഛാട്ട് ആഘോഷ വേളയിലാണ് നാട്ടിലെത്തിയത്. മട്ടന്‍ കൊതിയനായ പ്രതിയെ അടുക്കളയില്‍ സമയം വൈകിയതാണ് പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
സമീപത്തിരുന്ന് കളിച്ചു കൊണ്ടിരുന്ന മകളെ ഇയാള്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. അവള്‍ കരഞ്ഞു കരഞ്ഞ് നിശബ്ദയായപ്പോഴാണ് ശര്‍മക്ക് ബോധമുദിച്ചത്. ഉടന്‍ തന്നെ അമൗര്‍ റഫറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മട്ടനും മദ്യത്തിനും കൂടുതല്‍ പണം ചെലവഴിക്കരുതെന്ന് ആവശ്യപ്പെടുന്ന ഭാര്യയെ ഇയാള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

 

Latest News