ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് മുടക്കിയ കച്ചേരി നടത്താന്‍ ടി.എം കൃഷ്ണക്ക് ദല്‍ഹി സര്‍ക്കാരിന്റെ ക്ഷണം

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ശനിയാഴ്ച നടക്കാനിരുന്ന ടി.എം. കൃഷ്ണയുടെ സംഗീത കച്ചേരി സംഘാടകരായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെ ഇതേദിവസം പരിപാടി അവതരിപ്പിക്കാന്‍ വേദിയൊരുക്കി ദല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ ഹിന്ദുത്വവാദികളുടെ കടുത്ത ആക്രമണത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എയര്‍പോര്‍ട്‌സ് അതോറിറ്റി കൃഷ്ണയുടെ പരിപാടി മാറ്റിവച്ചത്. ഈ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കില്ലെന്നും വേദി ലഭിച്ചാല്‍ ഇതേ ദിവസം തന്നെ ദല്‍ഹിയില്‍ കച്ചേരി നടത്താന്‍ ഒരുക്കമാണെന്നും കൃഷ്ണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീസ് സിസോദിയയുടെ ഓഫീസ് കൃഷ്ണയുമായി ബന്ധപ്പെട്ടത്. ദല്‍ഹിയില്‍ ശനിയാഴ്ച പരിപാടി നടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും വേദി ഉടന്‍ തീരുമാനമാകുമെന്നും കൃഷ്ണ പറഞ്ഞു.

ദല്‍ഹി സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ക്ഷണം കൃഷ്ണ സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സൗകര്യപ്രദമായ തീയതിയും സമയവും നിശ്ചയിക്കാനുണ്ടെന്നും വെള്ളിയാഴ്ച എല്ലാം തീരുമാനമാകുമെന്നും സിസോദിയയുടെ ഉപദേശക അഭിനന്ദിത മാത്തൂര്‍ പറഞ്ഞു. 

ശനി, ഞായര്‍ ദിവസങ്ങളില്‍ ചാണക്യപുരിയിലെ  നെഹ്‌റു പാര്‍ക്കില്‍ സംഗീത നൃത്ത പരിപാടി സംഘടിപ്പിക്കാനാണ് എയര്‍പോര്‍ട്‌സ് അതോറിറ്റി തീരുമാനിച്ചിരുന്നത്. സാംസ്‌കാരിക സംഘടനയായ സപ്കി മകായിയുമായി ചേര്‍ന്നായിരുന്നു ഇത്. എന്നാല്‍ മൂന്ന് ദിവസം മുമ്പാണ് പരിപാടി നടത്താനാവില്ലെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി വ്യക്തമാക്കിയത്. കൃഷണയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനൂകൂലികള്‍ ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്.
 

Latest News