ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം ഊർജിതമാക്കും; വിസ നിർത്തും 

വിദേശ ദന്ത ഡോക്ടർമാരെ പിരിച്ചുവിടുമെന്നും മന്ത്രി  തൗഫീഖ് അൽറബീഅ

റിയാദ് - ആരോഗ്യ മേഖലയില്‍ സൗദിവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ആരോഗ്യ മേഖലയില്‍ ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങളിലും സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. മതിയായ യോഗ്യതകളുള്ള സൗദികളെ വിദേശികള്‍ക്കു പകരം നിയമിക്കും.
ഏതാനും സ്‌പെഷ്യലൈസേഷനുകളില്‍ വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.
സ്‌പെഷ്യലിസ്റ്റുകളുടെയും കണ്‍സള്‍ട്ടന്റുമാരുടെയും 22,000 തൊഴിലവസരങ്ങള്‍ ആരോഗ്യ മന്ത്രാലയം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ 86 സൗദികള്‍ മാത്രമാണ് ഇവ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നത്.
ആരോഗ്യ മേഖലയിലെ ഡിപ്ലോമ, ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് വലിയ ശ്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുണ്ട്. പരിശീലനങ്ങള്‍ നല്‍കി പ്രാപ്തരാക്കി മാറ്റി പതിനായിരത്തോളം ഡിപ്ലോമക്കാര്‍ക്ക് ഇതിനകം നിയമനം നല്‍കി. അവശേഷിക്കുന്നവര്‍ക്കും വൈകാതെ തൊഴിവലസരങ്ങള്‍ ലഭ്യമാക്കും.
വിദേശ ദന്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ട് പകരം സൗദി ഡെന്റല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം നടപ്പാക്കിവരികയാണ്. വിദേശ ഡെന്റല്‍ ഡോക്ടര്‍മാര്‍ക്കു പകരം നിയമിക്കുന്ന സൗദി ദന്ത ഡോക്ടര്‍മാരുടെ ഒടുവിലത്തെ ബാച്ചിന്റെ നിയമന നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഈ ഘട്ടത്തില്‍ 120 വിദേശ ഡെന്റല്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ട് പകരം അത്രയും സൗദികള്‍ക്ക് നിയമനം നല്‍കും. 380 വിദേശ ദന്ത ഡോക്ടര്‍മാര്‍ക്കു പകരം സൗദി ഡെന്റല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡെന്റല്‍ ഡോക്ടര്‍ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് പ്രത്യേക ഊന്നലാണ് മന്ത്രാലയം നല്‍കുന്നത്.
സ്വകാര്യ മേഖലയില്‍ സൗദി ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സഹകരിക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലേക്ക് റെസിഡന്റ് ഡോക്ടര്‍ പ്രൊഫഷനില്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് വിസ നിര്‍ത്തിവെക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.  ഇക്കാര്യത്തില്‍ വലിയ ശ്രമങ്ങളാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടത്തുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സൗദി ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രാലയം പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
മരുന്ന് കമ്പനികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം സൗദികളെ നിയമിക്കും. ഫാര്‍മസികളില്‍ ജോലി ചെയ്യുന്ന വിദേശി ഫാര്‍മസിസ്റ്റുകള്‍ക്കു പകരം സൗദി ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിക്കുന്നുണ്ട്.
രാജ്യത്ത് നഴ്‌സിംഗ് മേഖലയില്‍ 27,000 പേരുടെ കുറവുണ്ട്. നഴ്‌സിംഗ് മേഖലയില്‍ 27,000 പുരുഷ, വനിതാ നഴ്‌സുമാരെ ആവശ്യമാണ്. നഴ്‌സിംഗ് മേഖലയിലെ കുറവ് നികത്താന്‍ മന്ത്രാലയം ശ്രമിച്ചുവരികയാണ്. ഈ മേഖലയില്‍ സൗദികള്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.

 

Latest News