ഖശോഗിയെ കൊലപ്പെടുത്തിയത് മയക്കുമരുന്ന് കുത്തിവെച്ച്; കൂടുതല്‍ വിവരങ്ങള്‍

റിയാദ് - ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് ജമാല്‍ ഖശോഗിയെ ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സൗദിയിലേക്ക് മടങ്ങാന്‍ ജമാല്‍ ഖശോഗിയെ പ്രേരിപ്പിക്കുന്നതിനും ഇതിന് സമ്മതിക്കാത്ത പക്ഷം ബലം പ്രയോഗിച്ച് രാജ്യത്ത് എത്തിക്കുന്നതിനുമുള്ള ഉത്തരവ് സെപ്റ്റംബര്‍ 29 ന് പുറപ്പെടുവിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍ ജനറല്‍ ഇന്റലിജന്‍സ് ഉപമേധാവിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ദൗത്യം ഏല്‍പിക്കപ്പെട്ട സംഘത്തിന്റെ കമാണ്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
ദൗത്യസംഘം കമാണ്ടര്‍ 15 അംഗ സംഘത്തിന് രൂപം നല്‍കി. ചര്‍ച്ചകള്‍ നടത്തുന്നതിനും ഇന്റലിജന്‍സ് കാര്യങ്ങള്‍ക്കും ലോജിസ്റ്റിക് കാര്യങ്ങള്‍ക്കുമായി സംഘത്തെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ജമാല്‍ ഖശോഗിയുമായി നേരത്തെ പരിചയമുള്ളതിനാല്‍ ചര്‍ച്ചാ ഗ്രൂപ്പിന് നേതൃത്വം നല്‍കാന്‍ തന്റെ മുന്‍ സഹപ്രവര്‍ത്തകനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം മുന്‍ ജനറല്‍ ഇന്റലിജന്‍സ് ഉപമേധാവിക്കു മുന്നില്‍ ദൗത്യസംഘം കമാണ്ടര്‍ വെച്ചു. ഇത് അംഗീകരിക്കപ്പെട്ടു.
മുന്‍ ഉപദേഷ്ടാവ് ദൗത്യസംഘം നേതാവുമായും ചര്‍ച്ചാ ഗ്രൂപ്പ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി ചില സുപ്രധാന വിവരങ്ങള്‍ കൈമാറി. സൗദി അറേബ്യയോട് ശത്രുത വെച്ചുപുലര്‍ത്തുന്ന ചില സംഘടനകളും രാജ്യങ്ങളും ജമാല്‍ ഖശോഗിയെ വിലക്കെടുത്തിരിക്കയാണെന്നും ഖശോഗി വിദേശത്ത് കഴിയുന്നത് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഖശോഗിയെ സൗദിയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കാന്‍ സംഘത്തോട് ആവശ്യപ്പെട്ടത്.
ജമാല്‍ ഖശോഗിയെ സൗദിയിലെത്തിക്കുന്നതിന് ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഫോറന്‍സിക് വിദഗ്ധനുമായി ദൗത്യസംഘം നേതാവ് ആശയവിനിമയം നടത്തി. ഖശോഗിയെ ബലപ്രയോഗത്തിലൂടെ സൗദിയിലേക്ക് എത്തിക്കേണ്ടിവരികയാണെങ്കില്‍ സുരക്ഷിത സ്ഥലം സജ്ജീകരിക്കുന്നതിന് തുര്‍ക്കിയിലുള്ള സഹകാരിയുമായി ദൗത്യസംഘം നേതാവ് ബന്ധപ്പെടുകയും ചെയ്തു. ചര്‍ച്ചകള്‍ പരാജയപ്പെടുന്ന പക്ഷം ഖശോഗിയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റ് പരിശോധിച്ച ചര്‍ച്ചാ ഗ്രൂപ്പ് നേതാവിന് വ്യക്തമായി. ഇതോടെയാണ് ചര്‍ച്ചകള്‍ പരാജയപ്പെടുന്ന പക്ഷം വധിക്കാന്‍ തീരുമാനിച്ചത്.
കൈയാങ്കളിക്കും സംഘര്‍ഷത്തിനുമിടെ ഖശോഗിയെ ബന്ധിച്ച് മയക്കുമരുന്ന് കുത്തിവെച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടിമുറിച്ച് ഇവര്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്ത് എത്തിച്ചു. അഞ്ചു പേര്‍ ചേര്‍ന്നാണ് മൃതദേഹം കോണ്‍സുലേറ്റില്‍ നിന്ന് പുറത്തു കടത്തിയത്. തുടര്‍ന്ന് മൃതദേഹം തുര്‍ക്കിയിലെ സഹകാരിക്ക് കൈമാറി. ജമാല്‍ ഖശോഗിയുടെ വസ്ത്രം ധരിക്കുകയും കോണ്‍സുലേറ്റ് കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വസ്ത്രവും വാച്ചും കണ്ണടയും കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുകയും ചെയ്തയാളെയും ഇയാളെ അനുഗമിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റ് കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കിയ വ്യക്തിയെയും തിരിച്ചറിഞ്ഞു.
കൊലപാതകം നടത്തിയവര്‍ക്ക് ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കിയത് നാലു പേരാണ്. ജമാല്‍ ഖശോഗി സൗദി കോണ്‍സുലേറ്റില്‍ നിന്ന് പുറത്തുപോയെന്ന് കാണിക്കുന്ന വ്യാജ റിപ്പോര്‍ട്ട് മുന്‍ ജനറല്‍ ഇന്റലിജന്‍സ് ഉപമേധാവിക്ക് സമര്‍പ്പിക്കാന്‍ സംഘത്തിലുള്ളവരുമായി ദൗത്യസംഘം നേതാവ് ധാരണയിലെത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

 

Latest News