മാഹി- നിരന്തരം വേട്ടയാടപ്പെടുന്ന ശൈശവ- ബാല്യകാല രോഗാതുരതയിൽ തീർത്തും അവശനായിരുന്ന ഞാൻ മുപ്പത് വയസ്സാകുമ്പോഴേക്കും മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ജീവിത നിയോഗം കണക്കെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ ഇരുപത്തിയഞ്ച് വയസ്സ് തികയും മുമ്പ് തിരക്കിട്ടെഴുതിയത്.
എഴുതാൻ പോലും കഴിയാത്ത വിധം ആരോഗ്യസ്ഥിതി മോശമായിരുന്നു. അതിന് മുമ്പ് ആകാശത്തിന് ചുവട്ടിലും വീട് കഥാസമാഹാരവും എഴുതിക്കഴിഞ്ഞിരുന്നു. മീശ മുളക്കാത്ത പ്രായത്തിലെഴുതിയ കഥകൾ അതിപ്രശസ്തരുടെ രചനകൾ മാത്രം പ്രസിദ്ധീകരിച്ചിരുന്ന വാരികകളിലേക്ക് അയച്ചിരുന്നത് ജ്യേഷ്ഠ സഹോദരൻ രാഘവേട്ടനായിരുന്നു. അദ്ദേഹം സ്വന്തം കൈയിൽ നിന്ന് അഞ്ഞൂറ് രൂപ ചെലവഴിച്ചാണ് വീട് എന്ന ആദ്യ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചത്. -മുകുന്ദൻ വികാരാധീനനായി പറഞ്ഞു.
എഴുത്തച്ഛൻ പുരസ്‌കാര ലബ്ധിയുടെ സ്‌നേഹാദരങ്ങൾ പങ്കുവെക്കാൻ മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ അംഗങ്ങളും മയ്യഴിയിലെ സാഹിത്യ കൂട്ടായ്മയായ യൂന്യോം അമിക്കാൽ ദ മാഹിയിലെ എഴുത്തുകാരുടെ കുടുംബാംഗങ്ങളും ഫ്രഞ്ച് എം പയറിൽ സംഗമിച്ചപ്പോൾ അത് മയ്യഴിയുടെ ഇതിഹാസ കഥാകാരനെ വല്ലാതെ വികാരാധീനനാക്കി. സംഘടനയുടെ അധ്യക്ഷൻ കൂടിയായ പ്രമുഖ സാഹിത്യകാരൻ എം. രാഘവൻ പൊന്നാടയണിയിച്ചപ്പോൾ മുകുന്ദന്റെ മനസ്സിൽ രോഗാതുരമായ തന്റെ ശൈശവ ബാല്യകാലത്തെ വേദനിക്കുന്ന ഓർമകൾ നൊമ്പരമായി പടരുകയായിരുന്നു. വീട്ടിൽ നിന്ന് തന്നെ ഒക്കത്തേന്തി കുന്നിൻ മുകളിലുള്ള മയ്യഴി ആശുപത്രിയിലേക്കുള്ള രാഘവേട്ടന്റെ മാസങ്ങൾ നീണ്ടു നിന്ന യാത്രകൾ മുകുന്ദൻ ഇന്നലെയെന്ന പോലെ ഓർത്തെടുത്തു.
മുകുന്ദനെ മയ്യഴിക്ക് വേണം. ലോകത്തിന് ഇനിയുമെത്രയോ കാലം വേണം -അതിനുള്ള ആയുസ്സ് അവന് ലഭിക്കട്ടെയെന്ന് ജ്യേഷ്ഠ സഹോദരൻ എം. രാഘവൻ ആശംസിച്ചപ്പോഴാണ് മുകുന്ദൻ കുടുംബ സദസ്സിന് മുന്നിൽ മനസ്സ് തുറന്നത്.
അവാർഡ് കിട്ടിയതിൽ എന്നേക്കാൾ സന്തോഷം എന്റെ നാട്ടുകാർക്കാണെന്ന് ഞാൻ അനുഭവിച്ചറിയുന്നു. മലയാളിയായി, പ്രത്യേകിച്ച് മയ്യഴിക്കാരനായി ജനിച്ചതുകൊണ്ടാണ് ഇത്രയേറെ അനുഗ്രഹിക്കപ്പെട്ടതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഭിക്ഷക്കാർ പോലും തന്നെ തിരിച്ചറിയുന്നുവെന്നതിൽ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ടെന്ന് ഒരു ഭിക്ഷക്കാരൻ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി.
സാഹിത്യത്തിലും ജീവിതത്തിലും എന്റെ റോൾ മോഡൽ ജ്യേഷ്ഠൻ എം. രാഘവൻ തന്നെയായിരുന്നു. അക്കാലത്ത് അങ്ങകലെ ബോംബെയിലെ ജോലി സ്ഥലത്തു നിന്ന് പാന്റുമിട്ട്, മാധവച്ചന്റെ കുതിരവണ്ടിയിൽ, പെട്ടിയുമെടുത്ത് വീട്ടിലെത്തുന്ന രാഘവേട്ടനോട് ആരാധനയായിരുന്നു. ഞങ്ങളൊക്കെ ഉമിക്കരികൊണ്ട് പല്ല് തേക്കുമ്പോൾ രാഘവേട്ടൻ പേസ്റ്റും ബ്രഷുമുപയോഗിച്ചിരുന്നു. പച്ച വെള്ളം പോലെ ഫ്രഞ്ച് സംസാരിക്കും. എല്ലാം കൊണ്ടും ഹീറോ തന്നെ.
മയ്യഴിയെന്ന ചെറിയനാട്ടിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ ദില്ലിയെന്ന വലിയ ലോകത്തേക്ക് പോയി. രാത്രി ഒരു മണി വരെയും, ഒഴിവു ദിനങ്ങളിലുമെല്ലാം പലപ്പോഴും ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്യേണ്ടി വന്നു. ഭാര്യയേയും മക്കളേയും ശ്രദ്ധിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എഴുത്ത് ആത്മാർപ്പണമാണ്. വീണു കിട്ടുന്ന സമയമത്രയും വായനയിലും എഴുത്തിലും മുഴുകി. എഴുതിത്തുടങ്ങാൻ ബുദ്ധിമുട്ടാണ്. തുടങ്ങാനായാൽ പിന്നീട് തീപ്പിടിച്ചത് പോലെ അത് പടരും -ഒരുതരം പ്രേതം കൂടിയത് പോലെ. ദില്ലിയിൽ രാത്രി സുഹൃത്തുക്കൾ അടിപൊളി നൃത്തം ആസ്വദിക്കുമ്പോഴും പാശ്ചാത്യ സംഗീതം കേൾക്കുമ്പോഴും അവർക്കിടയിൽ ബഹളങ്ങൾക്കും അലർച്ചകൾക്കുമിടയിലിരുന്ന് എഴുതാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. ദില്ലിയിലെ തിരക്കേറിയ രാജപഥങ്ങളിൽ കാർ നിർത്തിയിട്ട് സ്റ്റിയറിങിൽ ചാരി എഴുതിക്കൂട്ടിയപ്പോൾ പോലീസ് പിടികൂടിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എഴുത്തിന്റെ ഓരോ നിമിഷവും ഓരോ യുദ്ധമാണ്. അതിജീവിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കണം. സംഗീതം, നൃത്തം, തത്വശാസ്ത്രം ഒക്കെ പഠിക്കണം. അനുഭവ സമ്പത്തിനെ കൈമുതലാക്കണം. എങ്കിലേ പുതിയ ഭാഷയും ശിൽപങ്ങളും ഉണ്ടാക്കാനാവുകയുള്ളൂ. എഴുത്തുകാരനാകുന്നതല്ല, അത് നിലനിർത്താനാവുന്നതാണ് ദുഷ്‌കരം - മയ്യഴിയിലെ തന്റെ പിൻഗാമികളെ നാടിന്റെ എഴുത്തച്ഛൻ ഓർമിച്ചു.
ആധുനികതയെക്കുറിച്ചുള്ള അതിശക്തമായ എതിർപ്പ് ബാലിശമായ കാഴ്ചപ്പാടാണ്. അത് ചരസ്സും കഞ്ചാവുമൊക്കെയാണെന്ന് ധരിച്ച് വെച്ചവർ പോലുമുണ്ടായി. ആധുനികത കഴിഞ്ഞ നൂറ്റാണ്ടിൽ കലയിലും സാഹിത്യത്തിലുമുണ്ടാക്കിയ വിസ്‌ഫോടനം ഏറെ വലുതാണ്. അന്ന് എന്നെ എതിർത്തവർ തന്നെ പിന്നീട് സാഹിത്യ അക്കാദമിയുടെ അമരത്ത് എന്നെ അവരോധിച്ചു. എന്നും എഴുത്ത് എനിക്ക് നൽകിയത് സന്തോഷത്തേക്കാൾ അസ്വസ്ഥതകൾ മാത്രമായിരുന്നു.
എണ്ണിയാലൊടുങ്ങാത്ത വായനക്കാരുടെ മാത്രമല്ല, എഴുത്തുകാരുടെയും പിന്തുണ എനിക്കുണ്ടായിരുന്നു. എന്നോടൊപ്പം എന്റെ ഇരുഭാഗത്തും നടന്നവർ പലരും ഇടക്ക് വെച്ച് കൊഴിഞ്ഞുപോയി. എഴുത്ത് മാത്രമാണ് എന്റെ ജാതിയും മതവുമെല്ലാം. ആത്മകഥയെഴുതാൻ ആലോചിച്ചിട്ടില്ല. എന്റെ എല്ലാ കഥകളിലും ഞാനുമുണ്ടല്ലോ -മുകുന്ദൻ പറഞ്ഞു നിർത്തി.
മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷനും കഥാകൃത്തുമായ ഉത്തമരാജ് മാഹി ഉപഹാര സമർപ്പണം നടത്തി. നോവലിസ്റ്റുകളായ വിമൽ മാഹി, പി. കൃഷ്ണപ്രസാദ്, കവി രാജേഷ് പനങ്ങാട്ട്, എഴുത്തുകാരായ ചാലക്കര പുരുഷു, വിനയൻ പുത്തലം, സാമൂഹ്യ പ്രവർത്തക കെ. ബീന സംസാരിച്ചു. സംഗീത വിരുന്നുമുണ്ടായി.