ഇരട്ടച്ചങ്കന്‍ ജാവ തിരിച്ചെത്തി; മോട്ടോര്‍സൈക്കിള്‍ പ്രേമികളെ വീഴ്ത്തും ഈ പഴയ രൂപം, പുതിയ ഭാവം

കരുത്തിന്റേയും ആഢ്യത്വത്തിന്റേയും പൊലിമയില്‍ ഇരു ചക്രവാഹന പ്രേമികളുടെ ആവേശമാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇപ്പോഴും നിരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ബുള്ളറ്റുകളുടെ ഒരു കാലത്തെ ശക്തരായ എതിരാളിയായിരുന്നു ജാവ. ഇരട്ട സൈലന്‍സറുകളുമായി ചീറിപ്പാഞ്ഞ ജാവ 22 വര്‍ഷം മുമ്പ് പിന്‍വാങ്ങുമ്പോഴും താരപരിവേശത്തിന് കുറവുണ്ടായിരുന്നില്ല. ഈ ഇരട്ടച്ചങ്കനെ ഇതാ ഇന്ന് വീണ്ടും ഇന്ത്യന്‍ നിരത്തിലെത്തിച്ചിരിക്കുകയാണ് ജാവ. പഴയ പേരും രൂപവും എല്ലാം നിലനിര്‍ത്തി പുറം കാഴ്ചയിലെ പുതുമകള്‍ നിറച്ച് മൂന്ന് മോഡലുകളിലാണ് ജാവ വരുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ പഴയ എതിരാളി സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു എന്നു വ്യക്തം. ജാവ, ജാവ 42, ജാവ പെരാക് എന്നീ മൂന്ന് മോഡലുകളാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ വ്യാഴാഴ്ച കമ്പനി അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി നിരയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് വരവ്. 70കളിലും 80കളിലും ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ ജാവയുടെ ഓര്‍മയ്ക്കായി ജാവ എന്ന പേര് തന്നെയാണ് 300 സിസി മോഡലിന് ജാവ നല്‍കിയിരിക്കുന്നത്.

Image result for jawa bikes india

ജാവയുടെ ദല്‍ഹി എക്‌സ് ഷോറൂം വില 1.64 ലക്ഷം രൂപയാണ്. ജാവ 42വിന്റെ വില 1.55 ലക്ഷവും ജാവ പരേകിന്റെ വില 1.89 ലക്ഷം രൂപയുമാണ്. ജാവ പരേക്കിന്റെ വില്‍പ്പന പിന്നീട് ആരംഭിക്കും. മറ്റു രണ്ടു മോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചു. ജനുവരിയോടെ നിരത്തിലിറങ്ങും.

itmhl0lc

293 സിസി സിംഗ്ള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹൃദയം. 27 ബിഎച്പി കരുത്തുണ്ട്. 28 എന്‍.എം ടോര്‍ക്കും. ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്. ബി.എസ് നാല് ഗണത്തിലുള്ള മലിനീകരണ നിയന്ത്രിത എഞ്ചിനാണ്. ജാവ 300 മോഡലിന് മുന്‍വശത്ത് ഡിസ്‌ക് ബ്രെയ്ക്കും പിറകില്‍ ഡ്രം ബ്രെയ്ക്കുമാണ്. 170 കിലോ ഗ്രാം ഭാരമുണ്ട്. സീറ്റ് ഉയരം 763 മില്ലിമീറ്റർ. ഈ ഗണത്തില്‍ ഏറ്റുവം താഴ്ന്ന ഉയരമാണിത്. 14 ലീറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്ക് പഴയ അതേ രൂപത്തില്‍ തന്നെ. ജാവ പെരാക് 332 സിസി എഞ്ചിനാണ്. 30 ബിഎച്പി കരുത്തും 31 എന്‍എം ടോര്‍ക്കും നല്‍കും. ബ്ലാക്, ഗ്രെ, മറൂണ്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭിക്കും.

Image result for jawa bikes india

മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്റ്‌സ് ആണ് ജാവയുടെ നിര്‍മ്മാതാക്കള്‍. 60 ശതമാനം ഓഹരി മഹീന്ദ്രയുടെ കയ്യിലാണ്. ഐഡിയല്‍ ജാവയുടെ സ്ഥാപനകനായ റസ്തം ഇറാനിയുടെ മകനും സംരംഭകനുമായ അനുപം തരേജയുടെതാണ് ബാക്കി ഓഹരികള്‍. രാജ്യത്തുടനീളമുള്ള സ്വതന്ത്ര ഡീലര്‍ഷിപ്പുകളിലൂടെയാണ് വിതരണം. ഡെലിവറി ജനുവരി ആദ്യത്തിലെ ഉണ്ടാകൂ. ഉടന്‍ 105 ഡീലര്‍ഷിപ്പുകള്‍ രാജ്യത്ത് പലയിടത്തും തുറക്കും. മധ്യപ്രദേശില പിതംബൂരിലെ പ്ലാന്റിലാണ് നിര്‍മ്മാണം.

Image result for jawa bikes india

Latest News