Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ഷോപ്പിംഗ് സുരക്ഷിതമാക്കാൻ 10 വഴികൾ 

സ്വദേശിവൽക്കരണത്തിനു പുറമെ, സൗദി അറേബ്യയിൽനിന്നുള്ള വിദേശികളുടെ മടക്കത്തിന് വേറെയും കാരണങ്ങളുണ്ട്. ഇതിലൊന്നായി അധികൃതർ കണക്കാക്കുന്നത് ഓൺലൈൻ വ്യാപാരത്തിന്റെ വളർച്ചയാണ്. ചെറുകിട മേഖലയിൽ കൂടി സൗദിവൽക്കരണം കർശനമാക്കിയിരിക്കേ, ഓൺലൈൻ വ്യാപാരത്തിനുള്ള സാധ്യത ഇനിയും കൂടുകയാണ്. അടച്ചുപൂട്ടുന്ന റെഡിമെയ്ഡ് ഷോപ്പുകൾക്കും കണ്ണട, വാച്ച് കടകൾക്കും പകരം ഓൺലൈൻ ബിസിനസ് വർധിക്കും. ഇന്ത്യക്കാരും പാക്കിസ്ഥാനികളും നടത്തിയിരുന്ന ചെറിയ റെഡിമെയ്ഡ്, പർദ കടകൾ പോലും ഓൺലൈനിലാണ് അഭയം തേടിയിരിക്കുന്നത്. 
വില പേശൽ നടക്കില്ല, ഗുണനിലവാരം കുറവായിരിക്കും തുടങ്ങിയ ആശങ്കകൾക്കൊന്നും സ്ഥാനമില്ലാതായതോടെ ഓൺലൈൻ ഷോപ്പിംഗിന് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത വർധിച്ചുകൊണ്ടിരിക്കുന്നു.  ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ച് ഓൺലൈൻ ഷോപ്പിംഗ് സ്ഥാപനങ്ങൾ തികഞ്ഞ മത്സരത്തിലുമാണ്.
ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടുപടിക്കലെത്താൻ മണിക്കൂറുകൾ വേണ്ടാതായിരിക്കുന്നു. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഓൺലൈൻ ഷോപ്പിംഗ് എളുപ്പവും സൗകര്യപ്രദവുമായതോടെ സൗദിയിലെ ബഖാലകളും ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ചുതുടങ്ങുകയണ്. സ്മാർട്ട് ഫോണിലൂടെ ഓർഡർ ചെയ്താൽ പാലും കോഴിയും നിങ്ങളുടെ വീട്ടുപടിക്കലെത്തും.
ഓൺലൈൻ വ്യാപാരം വർധിച്ചതോടെ ഈ രംഗത്ത് തട്ടിപ്പുകളും കുതിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൡനിന്ന് മുഴുവൻ തുകയും ഹാക്കർമാരും കൊള്ളക്കാരും കൊണ്ടുപോകും. 2017 ലെ ഏറ്റവും വലിയ സൈബർ കുറ്റകൃത്യം  ഓൺലൈൻ ഷോപ്പിംഗുമായി ബന്ധപ്പെട്ടതാണെന്നാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ റിപ്പോർട്ട്. ഇന്ത്യയിലും ഗൾഫ് നാടുകളിലും ഓൺലൈൻ തട്ടിപ്പിനിരയായവർ ധാരാളം. 
ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, മാൽവെയർ, റാൻസംവെയർ സൈബർ ആക്രമണങ്ങൾക്കിരയായിട്ടുണ്ടോ എന്ന അന്വേഷണവുമായി പിസി മാഗ് ഈയിടെ നടത്തിയ സർവേയിൽ പങ്കെടുത്ത 25 ശതമാനം പേരും ഇരയായിട്ടുണ്ടെന്നാണ് മറുപടി നൽകിയത്. 
ഓൺലൈൻ തട്ടിപ്പുകൾ പേടിച്ച് പാക്കിസ്ഥാനികൾ ബാങ്ക് ഇടപാടുകൾ അവസാനിപ്പിക്കുന്നുവെന്ന് അവിടെ നിന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതുപോലെ ഓൺലൈൻ ഷോപ്പിംഗും ഓൺലൈൻ ഇടപാടും പാടേ ഉപേക്ഷിക്കേണ്ട കാര്യമില്ല. അൽപം ജാഗത്ര പുലർത്തിയാൽ തട്ടിപ്പുകൾക്കിരയാകാതെ തന്നെ ഓൺലൈൻ ഷോപ്പിംഗ് സൗകര്യം ഉപയോഗപ്പെടുത്താം. ബാങ്കിടപാടുകൾ നടത്താം. 

1. പരിചിതമായ സൈറ്റുകൾ ഉപയോഗിക്കുക
നിങ്ങൾ സെർച്ച് ചെയ്താൽ വലിയ ഓഫറുകൾ നൽകുന്ന നിരവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായിരിക്കും ആദ്യം കൺമുമ്പിലെത്തുക. ആകാശത്തിനു താഴെയുള്ള എല്ലാ സാധനങ്ങളും ലഭ്യമാക്കുന്ന ആമസോൺ ഡോട് കോം പോലുള്ള സൈറ്റുകളുണ്ട്. അവയോടൊപ്പമാണ് പല റീട്ടെയിൽ സ്ഥാപനങ്ങളുടേയും സൈറ്റുകളുടെ ലിങ്കുകൾ നിങ്ങൾക്ക് ലഭിക്കുന്നത്. പലതും അക്ഷരങ്ങൾ തെറ്റിച്ച് അറിയപ്പെടുന്ന സൈറ്റുകളാണെന്ന് തെറ്റിദ്ധരിപ്പിക്കും. ഡോട് കോമിനു പകരം ഡോട് നെറ്റ് ഉപയോഗിച്ചും വലയിൽ വീഴ്ത്തും. അതുകൊണ്ട് കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താൻ പരിചിതമായ സൈറ്റുകളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതാണ് ഉചിതം. 

2. ലോക്ക് പരിശോധിക്കുക
സെക്യുർ സോക്കറ്റ്‌സ് ലേയർ (എസ്.എസ്.എൽ) അല്ലെങ്കിൽ എൻക്രിപ്ഷൻ ഇല്ലാത്ത സൈറ്റുകളിൽനിന്ന് ഒരിക്കലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങരുത്. എസ്.എസ്.എൽ ഉള്ള സൈറ്റാണെങ്കിൽ എച്ച്.ടി.ടി.പിക്ക് പകരം സൈറ്റിന്റെ യു.ആർ.എൽ തുടങ്ങുക എച്ച്.ടി.ടി.പി.എസ് വെച്ചായിരിക്കും. ലോക്കിന്റെ ഒരു ഐക്കോൺ പ്രത്യക്ഷപ്പെടുകയും ചെയ്യും. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറുകൾക്കനുസരിച്ച് ലോക്ക് ഐക്കോൺ യു.ആർ.എല്ലിന്റെ ഇടതു ഭാഗത്തോ സ്റ്റാറ്റസ് ബാറിലോ ആയിരിക്കും കാണുക. ഷോപ്പിംഗിനല്ലാത്ത സൈറ്റുകളിലും ഇപ്പോൾ എച്ച്.ടി.ടി.പി.എസ് സധാരണമാണ്. നോട്ട് സെക്യുർ എന്ന് മുന്നറിയിപ്പ് നൽകുന്ന ബ്രൗസറുകളുമുണ്ട്. 

3. അധികം വിവരങ്ങൾ പങ്കുവെക്കരുത്
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ സാധാരണ ഗതിയിൽ നിങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറോ ജനന തീയതിയോ അന്വേഷിക്കാറില്ല. ഇങ്ങനെ ചോദിക്കുകയാണെങ്കിൽ ഒരിക്കലും നിങ്ങളുടെ കൂടുതൽ സ്വകാര്യ വിവരങ്ങൾ നൽകരുത്. 
4. സ്റ്റേറ്റ്‌മെന്റുകൾ സ്ഥിരമായി ചെക്ക് ചെയ്യുക.
ഓരോ മാസം അവസാനവും ബിൽ വരാൻ കാത്തിരിക്കരുത്. ഇടക്ക് ഓൺലൈനിൽ കയറി സ്‌റ്റേറ്റ്‌മെന്റുകൾ പരിശോധിക്കണം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉടൻ തന്നെ എസ്.എം.എസ് ലഭിക്കുന്നതു കൊണ്ടു മാത്രം തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ട ധാരാളം സംഭവങ്ങളുണ്ട്. ജിദ്ദയിലെ ഷോപ്പിൽനിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്ത ഒരു ഉപഭോക്താവ് വീട്ടിലെത്തിയപ്പോഴാണ് തന്റെ ക്രെഡിറ്റ് കാർഡിൽനിന്ന് വീണ്ടും തുക ക്രെഡിറ്റ് ചെയ്തതായി എസ്.എം.എസ് ലഭിച്ചത്. ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് പെയ്‌മെന്റ് സ്റ്റോപ്പ് ചെയ്യാൻ സാധിച്ചു. 

5. കംപ്യൂട്ടർ സുരക്ഷിതമാക്കുക
ഹാക്കർമാർ എപ്പോഴും സജീവമാണ്. നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഏതു സമയത്തും മാൽവെയറുകളും വൈറസുകളും കടന്നുവരാം. അതുകൊണ്ട് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ വൈറസ് ആകമിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ആന്റി വൈറസ് സംരക്ഷണം ഉറപ്പാക്കണമെന്നർഥം.  

6. വൈഫൈ സ്വകാര്യമാക്കണം
പൊതുവായ ഹോട്ട് സ്‌പോട്ടുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നതെങ്കിൽ അറിയാവുന്ന നെറ്റ് വർക്കുകൾ മാത്രം ഉപയോഗക്കുക. ഫ്രീയായി ലഭിക്കുന്ന വൈഫൈ നെറ്റ് വർക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം.

7. പൊതുസ്ഥലങ്ങൾ ഒഴിവാക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സൈ്വപ്പ് ചെയ്യുന്നതു പോലെ സുരക്ഷിതമല്ല ക്രെഡിറ്റ് കാർഡ് നമ്പറും എക്‌സ്പയറി തീയതി ചേർക്കുന്നതും.  പൊതുസ്ഥലങ്ങൡ വെച്ച് അശ്രദ്ധമായാണ് ഇത് ചെയ്യുന്നതെങ്കിൽ തട്ടിപ്പുകാരുടെ കണ്ണുകൾ സൂക്ഷിക്കേണ്ടതുണ്ട്. 

8. പാസ്‌വേഡുകൾ ഇടക്കിടെ മാറ്റണം
ബാങ്ക് അക്കൗണ്ടിനും മറ്റും ശക്തമായ പാസ് വേഡുകളാണ് നൽകിയിട്ടുള്ളതെങ്കിൽ പോലും ഇടക്കിടെ അവ മാറ്റുന്നതാണ് ഉചിതം. ഇക്കാര്യത്തിൽ അലസത കാണിക്കരുത്. തകർക്കാനാവാത്ത പാസ്‌വേഡുകൾ നിർമിക്കാൻ ഒരു പാസ് വേഡ് മാനേജർ ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. 
9. മൊബൈൽ ഉപയോഗിക്കുക. 
 കംപ്യൂട്ടർ ഓൺലൈനു പകരം മൊബൈൽ ആപ്പുകളാണ് കൂടുതൽ സുരക്ഷിതം. മിക്ക ഓൺലൈൻ ഷോപ്പിംഗ് സ്ഥാപനങ്ങളും മൊബൈൽ ആപ്പുകൾ പുറത്തിറിക്കിയിട്ടുണ്ട്. സ്‌റ്റോറിലോ വെബ് സൈറ്റിലോ പോകാതെ മൊബൈലിൽനിന്നു തന്നെ സാധനങ്ങൾ തെരഞ്ഞെടുക്കാനും പർച്ചേസ് നടത്താനും സാധിക്കും. 
10. കാർഡിനു പകരം ഫോൺ
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പെയ്‌മെന്റിനു പകരം ഫോൺ ഉപയോഗിച്ചുള്ള പെയ്‌മെന്റ് ശീലമാക്കുക. ആപ്പിൾ പേ പോലെ മൊബൈൽ പെയ്‌മെന്റ് ആപ്പുകൾ ലഭ്യമാണ്. ഇതുവഴി ഉണ്ടാക്കുന്ന ഓതന്റിക്കേഷൻ കോഡ് ആർക്കും കൈവശപ്പെടുത്താനാകില്ല. 
ക്രെഡിറ്റ് കാർഡ് കൈവശമില്ലാതെ എവിടെയും പോകാമെന്നതാണ് ഇതിന്റെ സവിശേഷത. 


 

Latest News