ഏഷ്യാനെറ്റിലും മീ ടൂ വിവാദം; ലൈഗിംകാതിക്രമം ഉണ്ടായെന്ന് മുന്‍ ജീവനക്കാരി

തിരുവനന്തപുരം- ഏഷ്യാനെറ്റില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ജീവനക്കാരി രംഗത്ത്. പുളിയറക്കോണം ഏഷ്യാനെറ്റ് സ്റ്റുഡിയോയിലെ എക വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന കാലത്താണ് തന്റെ സീനിയര്‍മാരില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നിഷ ബാബു ആരോപിക്കുന്നു. 1997 മുതല്‍ 2014 വരെയാണ് നിശ ഏഷ്യനെറ്റില്‍ ജോലി ചെയ്തിരുന്നത്. 2000ല്‍ ഭര്‍ത്താവും ഏഷ്യാനെറ്റിലെ ജീവനക്കാരനുമായ സുരേഷ് പട്ടാലിയുടെ മരണത്തോടെയാണ് സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറാന്‍  തുടങ്ങിയതെന്ന് നിഷ ആരോപിക്കുന്നു.

ഭര്‍ത്താവിന്റെ സുഹൃത്തായിരുന്ന, അന്നത്തെ ചീഫ് പ്രൊഡ്യൂസര്‍ എം.ആര്‍ രാജനില്‍ നിന്നും തനിക്ക് മോശം പെരുമാറ്റം നേരിട്ടു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തന്നെ ആദ്യകാലത്ത് ആശ്വസിപ്പിക്കാനായി അയാള്‍ വന്നിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്വഭാവത്തില്‍ മാറ്റം വന്നു. ലൈംഗിക ചുവയോട് സംസാരിക്കാന്‍ തുടങ്ങി. മോശമായ നോട്ടവും അശ്‌ളീല മുദ്രകളും കാണിച്ചതായി നിഷ പറയുന്നു. ഇതിനെ താന്‍ എതിര്‍ത്തതോടെ തന്നോട് പ്രതികാര നടപടികള്‍ ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി.

ശമ്പള വര്‍ധനയും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ വി. ദിലീപില്‍ നിന്നും. അശ്‌ളീല സംസാരവും നഗ്‌നതാ പ്രദര്‍ശനവും ഉണ്ടായി. ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടും നിഷ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏഷ്യാനെറ്റില്‍ മുന്‍ എന്‍ജിനീയറായിരുന്ന പത്മകുമാര്‍ നിരന്തരം തന്റെ ലൈംഗികാഗ്രഹം തുറന്നു പറഞ്ഞിരുന്നെന്നും ശരീരത്തിന്റെ പലഭാഗങ്ങളിലും സ്പര്‍ശിക്കാറുണ്ടായിരുന്നെന്നും നിഷ ആരോപിക്കുന്നു. ജോലി നഷ്ടമാകുമെന്ന ഭയം മൂലം ഈ ദുരനുഭവങ്ങളെല്ലാം നിശബ്ദമായി സഹിക്കേണ്ടിയും പ്രതിരോധിക്കേണ്ടിയും വന്നത് മാനസികമായി തന്നെ തളര്‍ത്തി. എന്നാല്‍ ഇതു തുടര്‍ന്നതോടെ സഹിക്കാവുന്ന ഘട്ടവും അവസാനിച്ചതോടെ 2014ല്‍ രാജി വയ്ക്കുകയാണ് ചെയ്തത്. രാജിക്ക് മുമ്പായി എം.ആര്‍ രാജനെതിരെ രണ്ടു തവണ പരാതി നല്‍കിയെങ്കിലും ഒരിക്കലും നടപടിയുണ്ടായില്ല. മാനസികമായി ആകെ തളര്‍ന്ന അവസ്ഥയിലാണ് ഏഷ്യാനെറ്റ് വിടേണ്ടി വന്നത്. 

ഇതെല്ലാം ഇപ്പോള്‍ പറയുന്നത് നീതി ഒരിക്കലും ലഭിക്കില്ലെന്ന്് അറിഞ്ഞു കൊണ്ടു തന്നെയാണ്. എങ്കിലും ഇപ്പോള്‍ ഇതൊക്കെ തുറന്നു പറയുകയും ഈ പേരുകള്‍ പരസ്യമാക്കുകയും ചെയ്യുന്നത് വനിതാ ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സഹായകമാകും എന്നതു കൊണ്ടാണ്. ആരുടെ ഭാഗത്ത് നിന്ന് ദുരനുഭവമുണ്ടായാലും സ്ത്രീകള്‍ തുറന്നു പറയണമെന്നും നിഷ ആവശ്യപ്പെടുന്നു.

Latest News