Sorry, you need to enable JavaScript to visit this website.

കുല്‍ഭൂഷണ്‍: വിധി ന്യായീകരിച്ച് പാക്കിസ്ഥാന്‍; നവാസ് ശരീഫ് സേനാ മേധാവിയെ കണ്ടു

ഇസ്‌ലാമാബാദ്- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും അടിയന്തര കൂടിക്കഴ്ച നടത്തി. ചാരവൃത്തിയും വിധ്വംസക പ്രവര്‍ത്തനങ്ങളും ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനു വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചക്കിടെ ഇരുവരും തമ്മില്‍ ഇത് രണ്ടാമത്തെ കൂടിക്കാഴ്ചയാണ്. അന്താരാഷ്ട്ര കോടതി വധശിക്ഷ തടഞ്ഞതിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി സൈനിക മേധാവിയെ ധരിപ്പിച്ചു.
ഐ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന. നവീദ് മുഖ്തര്‍, ധനമന്ത്രി ഇസ്ഹാഖ് ദര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഇന്ത്യ നല്‍കിയ അപ്പീലും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനവും പരിശോധിച്ചു വരികയാണെന്ന് സ്റ്റേ ഉത്തരവ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രതികരിച്ചു.
പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജാദവിന്റെ വധശിക്ഷ റദ്ദാക്കിക്കിട്ടാന്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു. പാക്കിസ്ഥാനി സൈനിക കോടതി വിധിച്ച വധശിക്ഷ നടപ്പാക്കരുതെന്ന് ചൊവ്വാഴ്ചയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്. ദേശ സുരക്ഷക്കെതിരായ കുറ്റകൃത്യങ്ങളിലാണ് കുല്‍ഭൂഷന് വധശിക്ഷ വിധിച്ചതെന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇന്ത്യയുടെ ശ്രമമാണ് ഹേഗ് അപ്പീലിനു പിന്നിലെന്നും ആസിഫ് ട്വിറ്ററില്‍ പറഞ്ഞു.
വധശിക്ഷ റദ്ദാക്കിയ ഹേഗിലെ രാജ്യാന്തര കോടതിയുടെ നടപടി അധികാര പരിധി ലംഘിച്ചുള്ളതാണെന്നും പാക് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍നിന്നു കുല്‍ഭൂഷനെ പിടികൂടിയെന്നായിരുന്നു പാക് അവകാശവാദം.
അതേസമയം, പാക്കിസ്ഥാനില്‍ തടവിലുള്ള കുല്‍ഭൂഷന്റെ ജീവന്‍ അപകടത്തിലാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്യാന്തര കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലെ പറഞ്ഞു. ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാന്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഷയത്തിലാണ് ഇന്ത്യ ഇടപെട്ടത്. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം എത്തിക്കാന്‍ അനുമതി തേടി 16 അപേക്ഷകളാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയത്. ഇതെല്ലാം അവര്‍ നിഷേധിക്കുകയായിരുന്നു. മകനെ വിട്ടുകിട്ടാന്‍ കുല്‍ഭൂഷന്റെ അമ്മ പാക് അധികൃതര്‍ക്കു നല്‍കിയ പരാതിയുടെ സ്ഥിതിയെന്താണെന്ന് അറിയില്ല. പാക്കിസ്ഥാന്‍ ഇത്തരം കാര്യങ്ങളില്‍ യാതൊരു മറുപടിയും നല്‍കുന്നില്ല. കുല്‍ഭൂഷന്‍ എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ പറ്റിയോ ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഉദ്യോഗസ്ഥനാണ് ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ബലൂചിസ്ഥാനിലും സിന്ധിലും ഭീകര പ്രവര്‍ത്തനം നടത്തുന്നതിനായി ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേരു സ്വീകരിച്ചതായി മജിസ്‌ട്രേട്ടിനു മുന്‍പില്‍ കുല്‍ഭൂഷണ്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും പാക്കിസ്ഥാന്‍ പുറത്തു വിട്ടിരുന്നു.
ജാദവുമായി സര്‍ക്കാറിനു ബന്ധമില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡറായി 2003 വരെ പ്രവര്‍ത്തിച്ചു. അതിനു ശേഷം ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം നടത്തുകയായിരുന്നു. 2016 മാര്‍ച്ച് മൂന്നിന് ഇറാനില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവേയാണ് പാക്കിസ്ഥാന്‍ പോലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകര സംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക കോടതിയിലെ വിചാരണയ്ക്കു ശേഷം അദ്ദേഹത്തിനു വധശിക്ഷ വിധിച്ചത്.

 

 

Latest News