ഹിന്ദുത്വരുടെ ഭീഷണി; ടി.എം കൃഷ്ണയുടെ കച്ചേരി എയര്‍പോര്‍ട്ട് അതോറിറ്റി മാറ്റിവച്ചു, ദല്‍ഹിയില്‍ പാടുമെന്ന് കൃഷ്ണ

ന്യുദല്‍ഹി- സമൂഹ മാധ്യമങ്ങളില്‍ വലതു പക്ഷ ഹിന്ദുത്വ വാദികള്‍ ശക്തമായ ട്രോള്‍ ആക്രമണം നടത്തിയതോടെ ശനിയാഴ്ച ദല്‍ഹിയില്‍ നടത്താനിരുന്ന പ്രശസ്ത സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയുടെ കര്‍ണാടക സംഗീത കച്ചേരി സംഘാടകരായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) മാറ്റിവച്ചു. ചാണക്യപുരിയിലെ നെഹ്‌റു പാര്‍ക്കില്‍ എ.എ.ഐയും സാംസ്‌കാരിക സംഘടനയായ സ്പിക് മകായും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ നൃത്ത, സംഗീത പരിപാടിയുടെ ഭാഗമായിരുന്ന ടി.എം കൃഷ്ണയുടെ കച്ചേരി ഉള്‍പ്പെടുത്തിയിരുന്നത്. കൃഷ്ണയുടെ പരിപാടി ട്വിറ്ററിലൂടെ എയര്‍പോര്‍ട് അതോറിറ്റ് പ്രഖ്യാപിച്ചതോടെയാണ് ട്രോള്‍ ആക്രമണം തുടങ്ങിയത്. സംഘ്പരിവാര്‍ അനുകൂലികളും തീവ്രവലതു പക്ഷക്കാരും ഹിന്ദുത്വ തീവ്രവാദികളും തുടര്‍ന്ന് വലിയ പ്രതിധേഷവും സൈബര്‍ ആക്രമണവുമായി അഴിച്ചു വിട്ടത്. നവംബര്‍ 10നായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ച രാത്രിയാണ് ടി.എം. കൃഷ്ണയുടെ പരിപാടി റദ്ദാക്കിയതായി എയര്‍പോര്‍ട്‌സ് അതോറിറ്റി സ്പിക് മകായിയെ ഇമെയിലൂടെ അറിയിച്ചത്. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പരിപാടിയുമായി മുന്നോട്ടു പോകാവുന്ന അവസ്ഥയിലല്ല തങ്ങളെന്നും തീയതി മാറ്റി വയ്ക്കണമെന്നുമാണ് അതോറിറ്റി മെയിലില്‍ സഹസംഘാടകരോട് ആവശ്യപ്പെട്ടത്.

ഫാസിഷത്തിനെതിരെ ശക്തമായ നിലപാടെടുക്കുയും ഹിന്ദുത്വവാദത്തെ വിമര്‍ശിക്കുകയും ചെയ്യന്നതാണ് ടി.എം. കൃഷ്ണയ്‌ക്കെതിരെ സംഘ് പരിവാര്‍ അനുകൂലികളുടെ ട്രോള്‍ ആക്രമണത്തിന് കാരണമെന്ന് കരുതപ്പെടുന്നു. കൃഷ്ണയെ ദേശ വിരുദ്ധനെന്ന് ആക്ഷേപിച്ചായിരുന്നു ആക്രമണം. ഇവരുടെ സമ്മര്‍ദ്ദത്തിന് പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്‌സ് അതോറിറ്റി വഴങ്ങിയതായും ആക്ഷേപമുണ്ട്. 

അതേസമയം ശനിയാഴ്ച ദല്‍ഹിയില്‍ എവിടെ വേദി ലഭിച്ചാലും താന്‍ സംഗീത കച്ചേരി അവതരിപ്പിക്കാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച് കൃഷ്ണയും രംഗത്തെത്തി. ഇത്തരം ഭീഷണികള്‍ക്കു മുമ്പില്‍ മുട്ടുമടക്കാന്‍ നാം സ്വയം ഒരുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

ടി.എം. കൃഷണയെ പരിപാടിക്ക് ക്ഷണിച്ചതിനെ തുടര്‍ന്ന് നേരിട്ട വിമര്‍ശനങ്ങളാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്ന് എ.എ.ഐ ചെയര്‍മാന്‍ ഗുരുപ്രസാദ് മൊഹപത്രയും വ്യക്തമാക്കി. ഞങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്. കൂടുതലൊന്നും പറയാനില്ല- അദ്ദേഹം പറഞ്ഞു. 

വരേണ്യരുടെ വേദികളില്‍ മാത്രം ഒതുങ്ങിയിരുന്ന കര്‍ണാടക സംഗീത കച്ചേരികളെ ജനകീയമാക്കുന്നതില്‍ നിര്‍ണായ പങ്കു വഹിച്ച ടി.എം കൃഷ്ണ വലതു പക്ഷ വിമര്‍ശകന്‍ കൂടിയാണ്. മതസൗഹാര്‍ദവും സഹിഷ്ണുതയും നിരയുന്ന സന്ദേശങ്ങളാണ് കൃഷണയുടെ സംഗീക കച്ചേരികളെ വേറിട്ടു നിര്‍ത്തുന്നത്. യേശുവിനേയും അല്ലാഹുവിനേയും കുറിച്ചാണ് കൃഷ്ണ പാടുന്നതും അദ്ദേഹം ദേശ വിരുദ്ധനാണെന്നും അര്‍ബന്‍ നക്‌സല്‍ ആണെന്നുമുള്ള ആക്ഷേപങ്ങളാണ് ട്വിറ്ററില്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചത്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് കൃഷണയുടെ പരിപാടി നടത്തുന്നതിനെതിരെയും അവര്‍ ഭീഷണി മുഴക്കി.
 

Latest News