റിയാദ്- മലയാളിയുടെ മോചനത്തിനായി ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ പോയപ്പോള്‍ കസ്റ്റഡിയിലായ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഷാനവാസ് രാമഞ്ചിറക്ക് അഞ്ച് ദിവസത്തിനുശേഷം മോചനം. ഒമ്പതു മാസമായി തടവില്‍ കഴിയുന്ന പെരുമ്പാവൂര്‍ സ്വദേശി അബൂബക്കറിന്റെ കേസുമായി ബന്ധപ്പെട്ടാണ് എംബസി ചുമതലപ്പെടുത്തിയതു പ്രകാരം ഷാനവാസ് ശുമൈസി തര്‍ഹീലിലെത്തിയത്. അനാവശ്യമായി കേസില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എംബസി ചുമതലപ്പെടുത്തിയതാണെന്ന വിശദീകരണം ഉദ്യോഗസ്ഥന്‍ അംഗീകരിച്ചതുമില്ല.
സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥര്‍ തര്‍ഹീല്‍ മേധാവിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ് ഷാനവാസിനെ വിട്ടയച്ചത്.
ഷാനവാസിന്റെ കസ്റ്റഡി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ എംബസിയുടേയും കോണ്‍സുലേറ്റിന്റേയും അനുവദത്തോടെയും അല്ലാതെയും ഇടപെടുന്ന സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരെ വലിയ ആശങ്കയിലാക്കിയിരുന്നു.