Sorry, you need to enable JavaScript to visit this website.

മഴ തുടരും; അല്‍ഖസീമിലും ഹഫറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജിദ്ദ- രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അല്‍ഖസീമിലും ഹഫര്‍ അല്‍ബാത്തിനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നതെന്ന് അല്‍ഖസീം, ഹഫര്‍ അല്‍ബാത്തിന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ പറഞ്ഞു.


മക്ക, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷണ വിദഗ്ധന്‍ അബ്ദുല്‍അസീസ് അല്‍ഹുസൈനി മുന്നറിയിപ്പ് നല്‍കി. ഇന്നലെ ആരംഭിച്ച പ്രതികൂല കാലാവസ്ഥ 36 മുതല്‍ 60 മണിക്കൂര്‍ വരേക്ക് നിലനില്‍ക്കുമെന്നും അദ്ദേഹം പ്രവചിച്ചു. തലസ്ഥാന നഗരിക്ക് വടക്ക് അല്‍സ്വമാനില്‍ നേരിയ തോതില്‍ മഴ പെയ്യും. അസീര്‍, ജിസാന്‍, അല്‍ബാഹ, തബൂക്ക്, മദീന എന്നിവിടങ്ങളില്‍ ഭേദപ്പെട്ട നിലക്കും മഴ അനുഭവപ്പെടുമെന്നും അബ്ദുല്‍അസീസ് അല്‍ഹുസൈനി കൂട്ടിച്ചേര്‍ത്തു.
മോശം കാലാവസ്ഥയും കനത്ത മഴക്കുള്ള സാധ്യതയും കണക്കിലെടുത്ത് കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

Latest News