Sorry, you need to enable JavaScript to visit this website.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ പഠിക്കാൻ ലോകബാങ്ക് പ്രതിനിധി സംഘമെത്തി 

ലോക ബാങ്ക് പ്രതിനിധി സംഘവുമായി മലപ്പുറം ജില്ലാ കലക്ടർ അമീത് മീണ ചർച്ച നടത്തുന്നു.

മലപ്പുറം- ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പഠിക്കാനും ധനസഹായം നൽകുന്നതിന്റെ സാധ്യതകൾ മനസ്സിലാക്കുന്നതിനും ലോക ബാങ്ക് പ്രതിനിധി സംഘം ജില്ലയിലെത്തി. ജില്ലാ കലക്ടറുമായി ചർച്ച നടത്തിയ സംഘം പെരിന്തൽമണ്ണ നഗരസഭയും സന്ദർശിച്ചു. 
സംസ്ഥാനത്തെ നഗര പ്രദേശങ്ങൾക്ക് പ്രത്യേക ധനസഹായത്തിന്റെ സാധ്യതകൾ പഠിക്കാനാണ് 11 അംഗ ലോക ബാങ്ക് പ്രതിനിധി സംഘം പെരിന്തൽമണ്ണ നഗരസഭ സന്ദർശിച്ചത്. മലിന ജലസംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം - പ്രത്യേക പദ്ധതികൾ  കുടിവെള്ളം ലഭ്യമാക്കൽ, പൊതു സൗകര്യങ്ങൾ  വർധിപ്പിക്കൽ, ഹോസ്റ്റലടക്കം സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ, റിക്രിയേഷൻ സെന്ററുകൾ, സ്പോർട്സ് - ആർട്സ് വില്ലേജുകൾ, ആധുനിക രീതിയിൽ പച്ചക്കറി - മത്സ്യ മാർക്കറ്റുകൾ, കംപ്യൂട്ടർവത്കരിച്ച  മുനിസിപ്പാലിറ്റി കെട്ടിടം, സേവന സൗകര്യങ്ങൾക്കായി ഫ്രണ്ട് ഓഫീസ് തുടങ്ങിയ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ് നഗരസഭ സംഘത്തെ അറിയിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത നഗരസഭകൾക്ക്  2019 മുതൽ 2024 വരെ 3000  കോടി രൂപയുടെ ധനസഹായമാണ് ലോക ബാങ്ക് നൽകുക. ജില്ലയിലെ തദ്ദേശമിത്രം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനെ കുറിച്ച് മലപ്പുറത്ത് സംഘം ജില്ലാ കലക്ടർ അമിത് മീണയുമായി ചർച്ച നടത്തി. ജില്ലയിൽ നിലവിലുള്ള പദ്ധതിയുടെ  ആസൂത്രണ രീതികൾ, സർക്കാർ വികസന പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ കലക്ടർ സംഘത്തിനു വിശദീകരിച്ചു നൽകി.
 നഗര മേഖലകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് തദ്ദേശ മിത്രം ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്യുന്നത്. നഗര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കൃഷി, വ്യവസായവൽക്കരണ സാധ്യതകൾ, റോഡ് നെറ്റ്വർക്ക് സാധ്യതകൾ, തൊഴിൽ സംരംഭക യൂണിറ്റുകളുടെ രൂപീകരണം, ടൂറിസം മേഖലയിലെ വികസന സാധ്യതകൾ, സാനിറ്റേഷൻ, പുഴയോര മാലിന്യ നിർമാർജനം തുടങ്ങി വിവിധ മേഖലകൾ സംബന്ധിച്ചു വിശദമായ ചർച്ച നടത്തി. 
ലോക ബാങ്ക് പ്രതിനിധികളായ ഹർഷ് ഗോയൽ, സീമ അവസ്തി, മൃദുല സിംഗ്, ദീപ ബാലകൃഷ്ണൻ, നഹോ ഷിബുയ, കെ.എൽ.ജി.എസ്.ഡി.പി ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടർ ഡോ.വി.പി. സുകുമാരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. പ്രദീപ് കുമാർ, ജില്ലാ ടൗൺ പ്ലാനർ പി.എ. ഐഷ, വിവിധ വകുപ്പ് മേധാവികൾ ചർച്ചയിൽ പങ്കെടുത്തു. 

 

 

Latest News