മക്ക - വികസന പദ്ധതി നടപ്പാക്കുന്നതിന് മക്കയിലെ ചേരിപ്രദേശങ്ങളായ അൽകിദ്‌വ ഡിസ്ട്രിക്ടും അൽനികാസയും ബന്ധപ്പെട്ട വകുപ്പുകൾ അടുത്ത ഞായറാഴ്ച മുതൽ ഒഴിപ്പിക്കും. ഇതിനു മുന്നോടിയായി കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും ജല കണക്ഷനും അടക്കമുള്ള സേവനങ്ങൾ വിഛേദിക്കും. ഹോട്ടലുകളും വാണിജ്യ കേന്ദ്രങ്ങളും അടക്കമുള്ള പദ്ധതികളാണ് ഇവിടങ്ങളിൽ നടപ്പാക്കുന്നത്. മക്കയിൽ നടപ്പാക്കാനിരിക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയായിരിക്കുമിത്.
പൊളിച്ചുനീക്കുന്നതിനു മുന്നോടിയായി അടുത്ത ഞായറാഴ്ച മുതൽ അൽകിദ്‌വ ഡിസ്ട്രിക്ടിലെയും അൽനികാസയിലെയും കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്ന് മക്ക വികസന അതോറിറ്റിയും നഗരസഭയും അറിയിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം നൽകിയാണ് അൽകിദ്‌വ ഡിസ്ട്രിക്ടിലെയും അൽനികാസയിലെയും കെട്ടിടങ്ങളും സ്ഥലങ്ങളും വികസന പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്നത്.
നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് പ്രമാണങ്ങളും മറ്റു രേഖകളുമായി അൽശുമൈസിയിൽ അൽബലദുൽ അമീൻ കമ്പനി ആസ്ഥാനത്തോ തേഡ് റിംഗ് റോഡിൽ അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിക്കു മുന്നിലുള്ള മക്ക വികസന അതോറിറ്റി ആസ്ഥാനത്തോ എത്തണമെന്ന് കെട്ടിട ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.