ഐ.എസ്.ആര്‍.ഒയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ജി.എസ്.എല്‍.വി മാര്‍ക് മൂന്ന് വിക്ഷേപണ വാഹനമാണ് ഉപഗ്രഹവും വഹിച്ചു കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമാണ് ജി.എസ്.എല്‍.വി മാര്‍ക് മൂന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമെന്ന് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 67 ാമത് വിക്ഷേപണമാണ് ഇത്.
ഇന്ത്യന്‍ നിര്‍മിത ആശയ വിനിമയ ഉപഗ്രഹങ്ങളില്‍ മുപ്പത്തിമൂന്നാമത്തേതാണ് ജി സാറ്റ്- 29.
3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 29 ന്റെ വിജയകരമായ വിക്ഷേപണത്തോടെ ഇന്ത്യയുടെ നിരവധി പദ്ധതികള്‍ ലക്ഷ്യം കാണുകയാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ജിസാറ്റ്-29. കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ് 29 സഹായകമാകും.
ഗ്രാമങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശത്രു നീക്കങ്ങള്‍ നിരീക്ഷിക്കാനും സാധിക്കും. ജിയോ ഐ ക്യാമറയാണ് ജിസാറ്റ്-29 ന്റെ ഏറ്റവും വലിയ സവിശേഷത. മികച്ച ആശയവിനിമയം സാധ്യമാക്കാന്‍ ലേസര്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് ലഭ്യതയാണ് മുഖ്യ ലക്ഷ്യമെന്നും ജമ്മുകശ്മീരിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ഇന്റര്‍നെറ്റ് വേഗത പദ്ധതിയിലൂടെ സാധ്യമാകുമെന്നും ഐ.എസ.്ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.
641 ടണ്ണാണ് ജി.എസ്.എല്‍.വി മാര്‍ക് മൂന്ന് റോക്കറ്റിന്റെ ഭാരം. 43 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. 15 വര്‍ഷമെടുത്തു നിര്‍മിച്ച റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിന് 300 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ടും വിക്ഷേപിക്കുക ഇതേ റോക്കറ്റ് ഉപയോഗിച്ചാണ്.