Sorry, you need to enable JavaScript to visit this website.

റഫാല്‍ വില വെളിപ്പെടുത്തരുതെന്ന് ആവര്‍ത്തിച്ച് കേന്ദ്രം, സുപ്രീം കോടതിയില്‍ ചൂടേറിയ വാഗ്വാദം; വിധി മാറ്റിവച്ചു

  • 1985നു ശേഷം പുതിയ ഒരു പോര്‍വിമാനം പോലും ലഭിച്ചിട്ടില്ലെന്ന് വ്യോമ സേന

ന്യൂദല്‍ഹി- ഫ്രാന്‍സില്‍ നിന്നും 36 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ നടന്ന അഴിമതി സംബന്ധിച്ച് കോടതിയുടെ നീരീക്ഷണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി നാലു മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിനു ശേഷം വിധി പറയാന്‍ മാറ്റിവച്ചു. ഹര്‍ജിക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിന്  ബുധനാഴ്ച കോടതി സാക്ഷിയായി. റഫേല്‍ വില രഹസ്യമാക്കണെന്ന കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ ആവശ്യത്തെ ഹര്‍ജിക്കാരില്‍ ഒരാളും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തതാണ് വാഗ്വാദത്തിനിടയാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

റഫാല്‍ വില പുറത്തു വിടാത്തത് ഇതു രഹസ്യവിവരമാണെന്ന കരാറിലെ വ്യവസ്ഥ കണക്കിലെടുത്താണന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. പോര്‍വിമാനത്തിന്റെ വില എങ്ങനെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ഭൂഷണ്‍ കോടതിയില്‍ ചോദിച്ചു. ഒരു റഫാല്‍ പോര്‍വിമാനത്തിന്റെ വില 155 ദശലക്ഷം ഡോളറാണെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിലയുടെ വിവരങ്ങള്‍ രഹസ്യമാണെന്നും ഈ തുക എവിടെ നിന്നാണ് അറിഞ്ഞതെന്ന് ഭൂഷണ്‍ വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. വിമാനങ്ങളുടെ പൂര്‍ണ വില പാര്‍ലമെന്റില്‍ പോലും അവതരിപ്പിച്ചിട്ടില്ല. വിലയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് ശത്രുക്കള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 

കോടതി ആവശ്യപ്പെട്ടതു പ്രകാരം സീല്‍ ചെയ്ത കവറില്‍ പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വില വിവരം വെളിപ്പെടുത്താനാകില്ലെന്നും ഇക്കാര്യത്തില്‍ കോടതിയെ ഇതിലപ്പുറം സഹായിക്കാനാകില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിവരം പുറത്തായാല്‍ താനായിരിക്കും ഉത്തരവാദി എന്നതിനാല്‍ തുറന്നു നോക്കുക പോലും ചെയ്തിട്ടില്ലെന്നും വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. 

എന്നാല്‍ വിലയില്‍ രഹസ്യമാക്കി വക്കേണ്ടതായി ഒന്നുമില്ലെന്നും അത് ദേശീയ സുരക്ഷയ്ക്ക് ഒരു ഭീഷണിയുമല്ലെന്നും ഭൂഷണ്‍ ആവര്‍ത്തിച്ചു. കരാറില്‍ ഓഫ്‌സെറ്റ് പങ്കാളിയായ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിയെ റഫാല്‍ നിര്‍മ്മാതാക്കളായ ദാസോ ഏവിയേഷന്‍ തെരഞ്ഞെടുത്തത് റിലയന്‍സ് സ്വന്തമായി ഭൂമി പോലും വാങ്ങുന്നതിന് മുമ്പാണ്. നേരത്തെ തന്നെ പദ്ധതിയുടെ ഭാഗമായി റിലയന്‍സ് ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവാണിത്. ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു. കോടതിയുടെ മുന്‍ ഉത്തരവ് അനുസരിച്ച് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ റഫാല്‍ കരാര്‍ തീരുമാനമെടുക്കല്‍ പ്രക്രിയ സംബന്ധിച്ച വിവരങ്ങല്‍ ഹര്‍ജിക്കാര്‍ക്കു നല്‍കിയിരുന്നു. വിമാനങ്ങളുടെ വില സംബന്ധിച്ച വിവരം കോടതിക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു.

വില സംബന്ധിച്ച വിവരം പൊതുജനം അറിയേണ്ടതുണ്ട് എന്ന് ബോധ്യപ്പെട്ടാലെ അതു സംബന്ധിച്ച ചര്‍ച്ചകള്‍ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. പോര്‍വിമാനങ്ങളുടെ സാങ്കേതിക വശം അറിയുന്നതിന് കോടതി ഇന്ത്യന്‍ വ്യോമ സേനാ ഉന്നത ഉദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തി. ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് അലോക് ഖോസ്ല, വ്യോമ സേനാ ഉപമേധാവി വി.ആര്‍ ചൗധരി, മറ്റു രണ്ടു ഓഫീസര്‍മാര്‍ എന്നിവരാണ് കോടതിയിലെത്തി വിശദീകരിച്ചത്.

വ്യോമസേനയില്‍ അവസാനമായി പോര്‍വിമാനം ഉള്‍പ്പെടുത്തിയത് 1985 ആണെന്നും അതിനു ശേഷം പുതിയ ഒരു വിമാനം പോലും വാങ്ങിയിട്ടില്ലെന്നും വ്യോമ സേന ഉദ്യോഗസ്ഥര്‍ കോടതിയോട് പറഞ്ഞു. ഇപ്പോഴുള്ള ഏറ്റവും ആധുനിക പോര്‍വിമാനം മൂന്നാം തലമുറ സുഖോയ് 30 വിമാനമാണ്. ഇതിന്റെ നാല്, അഞ്ച് തലമുറ വിമാനങ്ങള്‍ വ്യോമ സേനയ്ക്ക് സ്വന്തമായി ഇല്ലെന്നും അവര്‍ വ്യക്തമാക്കി. 

റഫാല്‍ ഇടപാട് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണിനു പുറമെ മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹയും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയും മറ്റു ഹര്‍ജികളുമാണ് കോടതി പരിഗണിച്ചത്.
 

Latest News