'നാലു പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാനാകാത്ത പാക്കിസ്ഥാനു കശ്മീര്‍ വേണ്ട'; വിവാദമായി അഫ്രീദിയുടെ പ്രസംഗം

ലണ്ടന്‍- കശമീരിനെ കുറിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ അഭിപ്രായ പ്രകടനം പാക്കിസ്ഥാനില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. നാലു പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പാക്കിസ്ഥാനു കശ്മീര്‍ വേണ്ടെന്നായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ താരം പറഞ്ഞത്. കശ്മീര്‍ പാക്കിസ്ഥാനു വേണ്ട. അത് ഇന്ത്യയ്ക്കും നല്‍കരുത്. കശ്മീരിനെ സ്വതന്ത്രമാക്കണം. ജനങ്ങള്‍ മരിക്കാന്‍ ഇടവരരുത്. മാനവികതയാണ് ഏറ്റവും വലിയ കാര്യം. അവിടെ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നത് വേദനാജനകമാണ്. ഏതു മരണവും ആരായാലും അത് വേദനിപ്പിക്കുന്നതാണ്-38കാരനായ അഫ്രീദി പറഞ്ഞു. 

അഫ്രീദിയുടെ അഭിപ്രായ പ്രകടനം രാജ്യതാല്‍പര്യത്തിനെതിരാണെന്ന ആക്ഷേപവുമായി പാക് സമൂഹ മാധ്യമങ്ങളില്‍ പലരും രംഗത്തെത്തി. കശ്മീരുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന് നേരത്തേയും അഫ്രീദി വിവാദത്തിലായിട്ടുണ്ട്. കശ്മീരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും യുഎന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അഫ്രീദി ഏപ്രിലില്‍ ട്വീറ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.
 

Latest News