ന്യൂദല്‍ഹി- വാര്‍ഷിക പ്രകടന വിലയിരുത്തല്‍ റിപോര്‍ട്ടില്‍ തിരിമറി നടത്തിയതിന് സി.ബി.ഐ ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ ബീന റയ്‌സാദയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു. പ്രമാദമായ വ്യാപം കേസില്‍ സി.ബി.ഐയുടെ നിയമോപദേശകയാണ് ബീന. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2016 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ബീനയുടെ സേവനത്തിന് മേലുദ്യോഗസ്ഥരുടെ വാര്‍ഷിക വിലയിരുത്തലില്‍ (പെര്‍ഫോമന്‍സ് അപ്രൈസല്‍) നല്ല മാര്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവ നല്‍കിയ പ്രകടനവിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ മികച്ച പ്രകടനം എന്നു കാണിക്കാനായി രേഖകള്‍ കെട്ടിച്ചമയ്ക്കുകയും വകുപ്പു മേധാവിയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നും കണ്ടെത്തി. തുടര്‍ന്നാണ് കേസെടുത്തത്. പെര്‍ഫോമന്‍സ് അപ്രൈസല്‍ റിപോര്‍ട്ട് സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പിടികൂടിയത്. ഈ റിപോര്‍ട്ട് ബീന ദല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് നേരിട്ട് സമര്‍പ്പിച്ചതായിരുന്നു. അവധിയിലായിരുന്ന മൂന്ന് മാസം ജോലി ചെയ്‌തെന്നു ഇവര്‍ തെറ്റായി കണിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് തട്ടിപ്പുകള്‍ പുറത്തായത്. പ്രാഥമികാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ കേസെടുക്കുകയായിരുന്നു.
2014 മേയില്‍ പട്‌നയിലെ സി.ബി.ഐ ആന്റി കറപ്ഷന്‍ ബ്രാഞ്ചില്‍ സീനിയര്‍ പബ്ലിക് പ്രൊസിക്യൂട്ടറായാണ് ബീന സി.ബി.ഐയില്‍ ജോലിയില്‍ ചേര്‍ന്നത്. ആറു മാസത്തിനകം ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ എന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വ്യാപം കേസ് അന്വേഷിക്കുന്ന ദല്‍ഹിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റ് നാലിലേക്ക് ബിന മാറിയത്. മുന്‍ വര്‍ഷങ്ങളിലെ അപ്രൈസല്‍ റിപോര്‍ട്ടുകളെല്ലാം മികച്ചത് എന്ന മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍ സഹിതമാണ് ബീന സമര്‍പ്പിച്ചിരുന്നത്.