ജുബൈൽ- കേരളത്തിലെ അഞ്ചു വർഷം നീണ്ട പ്രവാസ അനുഭവവുമായി പശ്ചിമ ബംഗാൾ സ്വദേശി സൗദി അറേബ്യയിൽ. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾക്ക് ശേഷമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രവാസം മതിയാക്കി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി ആലംഗീർ ഹുസ്സൈൻ മണലാരണ്യത്തിലേക്ക് യാത്രയായത്.
നാട്ടിൽ പിതാവിന്റെ ചെറിയ കട നടത്തിവരുന്നതിനിടയിലുണ്ടായ തർക്കമാണ് ആലംഗീറിനെ കേരളത്തിൽ എത്തിക്കുന്നത്. പിതാവുമായി തെറ്റിയ അദ്ദേഹം കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയും കൊണ്ട് വണ്ടി കയറുകയായിരുന്നു. നേരത്തെതന്നെ കേരളത്തിൽ തൊഴിലെടുക്കുന്ന സഹോദരങ്ങളായ ബാബു, റസീമുൽ എന്നിവരുടെ അടുത്തേക്കാണ് പോന്നത്. പെരുമ്പാവൂർ ആസ്ഥാനയുള്ള മുരുകൻ എന്ന കോൺട്രാക്റ്ററുടെ കീഴിലായിരുന്നു ജോലി.
പെരുമ്പാവൂർ, കോതമംഗലം, അങ്കമാലി, മലപ്പുറം, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി എടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളുടെ എല്ലാം ഭൂമിശാസ്ത്രവും പ്രധാന അതിരടയാളങ്ങളും ആലംഗീറിന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്. വാർക്ക പണി ആയിരുന്നു പ്രധാന ജോലി. നിലം ഉഴുതുമറിക്കുന്ന ട്രാക്ടർ ഓടിക്കുന്നതിലും മലബാറിന്റെ ഇഷ്ട പലഹാരമായ നേന്ത്രവാഴ ചിപ്‌സ് ഉണ്ടാക്കുന്നതിലും ഒരു കൈ നോക്കിയിട്ടുണ്ട്.
ഗൾഫ് പ്രവാസവും കേരളത്തിലെ പ്രവാസവും താരതമ്യം ചെയ്യുമ്പോൾ കേരളമാണ് പൊതുവെ നല്ലതെന്നാണ് ആലംഗീർ വിലയിരുത്തുന്നത്. വിവിധ തൊഴിലുടമകൾക്ക് കീഴിലാണ് ജോലി എടുക്കേണ്ടി വരുന്നത് എന്നതിനാൽ തന്നെ സ്വഭാവഗുണമുള്ളവരെ തെരഞ്ഞെടുക്കാമെന്നതാണ് അതിൽ പ്രധാനം. എടുക്കുന്ന തൊഴിലിന്റെ കൂലി അതാത് ദിവസങ്ങളിൽ ലഭിക്കും എന്നതിനാൽ വേതനം ലഭിക്കാതെ പോകുന്ന അവസ്ഥയും ഉണ്ടാകുന്നില്ല. തർക്കങ്ങളോ അസുഖങ്ങളോ ഉണ്ടായാൽ വിസയുടെ നൂലാമാലകളിൽപെട്ട് നാട്ടിലേക്കുള്ള യാത്ര തടസ്സമാകില്ല എന്നതും ഗുണകരമാണ്. എന്നാൽ താമസസൗകര്യം കുറച്ചുകൂടി മെച്ചപ്പെട്ടത് സൗദിയിൽ തന്നെയാണ്. കേരളത്തിൽ ഒരു റൂമിൽ പതിനഞ്ചിൽ കൂടുതൽ പേരെ പാർപ്പിക്കുമ്പോൾ സൗദിയിൽ പരമാവധി എട്ടുപേർ മാത്രമാണ് ഒരു റൂമിൽ ഉള്ളതെന്ന് ആലംഗീർ പറഞ്ഞു.
കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് കറങ്ങി നടക്കുന്ന സുഖം മരുഭൂമിയിൽ ലഭിക്കുന്നില്ല. പ്രധാന ജോലി വാർക്ക പണി ആയതിനാൽ ജോലിയിടങ്ങൾ കൂടുതലും പ്രവാസി മലയാളികൾക്കുള്ള വീട് നിർമാണം ആയിരിക്കും. ഇത് പക്ഷെ മലയാള ഭാഷ പഠിക്കുന്നതിനു വിഘാതമായി. പ്രവാസികൾക്കെല്ലാം ഹിന്ദിയും ഉറുദുവും അറിയാം എന്നതിനാൽ ആശയ വിനിമയം സൗകര്യമായി. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നതും കൂടുതൽ ജോലിക്കാരും ഉത്തരേന്ത്യക്കാർ ആണെന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.ഇങ്ങനെയെല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും പിന്നെ എന്തുകൊണ്ട് കേരളം വിട്ടു എന്ന ചോദ്യത്തിന് മുന്നിൽ ആലംഗീർ അൽപസമയം മൗനിയായി. മുഖത്ത് സങ്കടവും ദേഷ്യവും മാറി മാറി പ്രകടമാകുന്നത് കാണാമായിരുന്നു. മദ്യലഹരിയിൽ കൂത്താടിയിരുന്ന ചില യുവാക്കളുടെ, മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന അൽപനേരത്തെ ക്രൂര വിനോദമാണ് ആലംഗീറിനെ കേരളം വിടാൻ പ്രേരിപ്പിച്ചത്.
ഏത് വിധേനയും പണം സമ്പാദിക്കുക എന്ന ലക്ഷ്യമുള്ളതിനാൽ ചിലദിവസങ്ങളിൽ പകൽ സമയത്തെ ജോലിക്ക് ശേഷം രാത്രിയിലും ജോലി ചെയ്യുമായിരുന്നു. ടെലിഫോൺ കേബിൾ അറ്റകുറ്റ പണിക്കായി പെരുമ്പാവൂർ-ആലുവ റോഡിൽ കുഴി കുഴിക്കുന്നതിനിടയിൽ അത് വഴി കടന്നു പോയ ചില യുവാക്കൾ കാരണമൊന്നും ഇല്ലാതെ ആലംഗീറിനെ പിറകിൽ നിന്നും അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ കുഴിയിലേക്ക് കമഴ്ന്നു വീണതിനാൽ നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. സംഭവം നടന്നത് രാത്രി രണ്ടുമണിക്ക് ആയതിനാൽ കൂടെ ജോലിയെടുക്കുന്ന മറ്റ് രണ്ട് പേർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. അവർ താങ്ങി പിടിച്ച് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി ചെലവ് താങ്ങാൻ കഴിയാത്തതിനാൽ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് തിരിച്ചു. കരാറുകാരും മറ്റുള്ളവരും പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും, കേസ് നടത്താനുള്ള അധിക ചെലവുകൾ അമിത ബാധ്യത ആകുമെന്ന ഭയത്താൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.ഒന്നര വർഷത്തോളം നീണ്ട ചികിത്സക്ക് ശേഷം പൂർണ്ണമായും അസുഖം ഭേദമായ ആലംഗീർ മൂന്ന് മാസം മുമ്പാണ് സൗദിയിൽ എത്തിയത്. പ്രമുഖ ക്ലീനിംഗ് കമ്പനിയുടെ കീഴിൽ ക്ലീനിംഗ് ബോയ് ആയി ജോലിയെടുക്കുകയാണ് കേരളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെടുന്ന ആലംഗീർ ഹുസൈൻ.