Sorry, you need to enable JavaScript to visit this website.

വൈറ്റ് ഹൗസിനെതിരെ പരാതിയുമായി സി.എന്‍.എന്‍ കോടതിയില്‍

വാഷിംഗ്ടണ്‍- വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രോഷമേറ്റുവാങ്ങുകയും വൈറ്റ് ഹൗസ് പ്രസ് കാര്‍ഡ് റദ്ദാക്കപ്പെടുകയും ചെയ്ത സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്റക്ക് വേണ്ടി സി.എന്‍.എന്‍ കോടതിയില്‍. റിപ്പോര്‍ട്ടറുടെ ഭരണഘടനാ അവകാശം ലംഘിച്ചുവെന്ന് ആരോപിച്ചാണ് വൈറ്റ് ഹൗസിനെതിരെ കേസ് നല്‍കിയത്.
ദേശീയ ടെലിവിഷനില്‍ വാര്‍ത്താ സമ്മേളനം തത്സമയം നടക്കുമ്പോഴായിരുന്നു ട്രംപിന്റെ രോഷപ്രകടനം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായ ട്രംപിന്റെ നടപടി വ്യാപകമായ വിമര്‍ശം വിളിച്ചു വരുത്തിയിരുന്നു. സി.എന്‍.എന്നുമായി സ്ഥിരം ഉടക്കിലായ ട്രംപ് ഒരിക്കല്‍ കൂടി ചാനലിനെ അധിക്ഷേപിച്ചതായും ആരോപണമുയര്‍ന്നു.
ജിം അകോസ്റ്റയുടെ റിപ്പോര്‍ട്ടര്‍ പാസ് റദ്ദാക്കിയതിലൂടെ അദ്ദേഹത്തേയും സി.എന്‍.എന്നിനേയും വൈറ്റ് ഹൗസ് അപമാനിച്ചതായും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുള്ള ഭരണഘടനാ അവകാശം ലംഘിക്കപ്പെട്ടതായും സി.എന്‍.എന്‍ പ്രസ്താവനയില്‍ പറഞ്ഞു. വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയിലാണ് ചാനല്‍ കേസ് നല്‍കിയിരിക്കുന്നത്.
പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ചാനല്‍ കോടതിയോട് അഭ്യര്‍ഥിച്ചു. റിപ്പോര്‍ട്ടര്‍ പാസ് ഉടന്‍ ജിമ്മിന് തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്നും സി.എന്‍.എന്‍ പരാതിയില്‍ പറഞ്ഞു. പ്രശ്‌നത്തില്‍ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഏതു മാധ്യമ പ്രവര്‍ത്തകനെതിരേയും തിരിയാമെന്ന അപകടകരമായ അവസ്ഥ സംജാതമാകുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

 

Latest News