Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലാപത്തിന് ആഹ്വാനം ചെയ്തവർ പോലീസ് സംരക്ഷണയിൽ രഥയാത്ര നടത്തുന്നു -കെ. സുധാകരൻ 

വിശ്വാസ സംരക്ഷണ യാത്രക്ക് മലപ്പുറം ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ നൽകിയ സ്വീകരണം.

കോഴിക്കോട് - കലാപത്തിന് ആഹ്വാനം ചെയ്തവർ പോലീസ് സംരക്ഷണയിലാണ് രഥയാത്ര നടത്തുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് അയോധ്യയെ ഉപയോഗിച്ചത് പോലെ ശബരിമലയെയും ഉപയോഗിക്കാനാണ് സംഘ്പരിവാർ സംഘടനകളുടെ ശ്രമം. ശബരിമലയിൽ പോലീസ് ആർഎസ്എസിന്റെ ആജ്ഞാനുവർത്തികളായി മാറുകയാണ് ചെയ്തത്. 
വനിതാ പോലീസുകാരുടെ ജനന തീയതി ആർഎസ്എസ് നേതാവിന് പരിശോധിക്കാൻ അവസരം ഒരുക്കിയിരിക്കയാണ് മുഖ്യമന്ത്രി. 
ആഭ്യന്തര വകുപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും പി.എസ് ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 നവോത്ഥാന നായകരുടെ പ്രതിപുരുഷനാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.  ജനവികാരം എതിരാണെന്ന് മനസ്സിലാക്കിയിട്ടും നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾക്ക് വാശിപിടിക്കുന്നത് അതിനാലാണ്. സ്വന്തം കാര്യം വരുമ്പോൾ പിണറായി ഭക്തിമാർഗം സ്വീകരിക്കുകയും അത്തരം ആളുകളുടെ അടുത്തേക്ക് ദൂതരെ അയക്കുകയും ചെയ്യും. 2000 ത്തിൽ തന്റെ മകൾക്ക് കോയമ്പത്തൂർ അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ പ്രവേശനം നേടാനായി ബെർലിൻ കുഞ്ഞനന്തൻ നായരെ അമൃതാനന്ദമയിയുടെ അടുത്തേക്ക് ദൂതനായി അയച്ച ആളാണ് പിണറായി വിജയൻ. ആ വിജയനാണ് ഭക്തരെ വെല്ലുവിളിക്കുന്നത്. കാടാമ്പുഴയിൽ പൂമൂടലും ശത്രുസംഹാര പൂജയും നടത്തിയ കോടിയേരി ബാലകൃഷ്ണനാണ് ഒരടി പിന്നോട്ടില്ലെന്ന് ഇപ്പോൾ പറയുന്നത്. നേതാക്കളും പ്രവർത്തകരും ഭക്തിമാർഗത്തിലേക്ക് തിരിയുമ്പോൾ അവിശ്വാസികളുടെ പാർട്ടിയായ സിപിഎം പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുകയാണ്. 
 ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി യുക്തിസഹമായ തീരുമാനം എടുക്കാൻ തയ്യാറാകണം. വൈകാരികമായ ഒരു വിഷയമെന്ന നിലയിൽ പ്രശ്‌നപരിഹാരത്തിന് ഉടൻ സർവകക്ഷി യോഗം വിളിച്ചു ചേർക്കണം. ദേവസ്വം വകുപ്പ് മന്ത്രിക്കും ബോർഡ് പ്രസിഡന്റിനും സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവാദം നൽകണം. ശബരിമലയിൽ ഭക്തർക്ക് ചരിത്രത്തിലില്ലാത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല കലാപ ഭൂമിയാക്കാൻ ആർ.എസ്.എസിന് ലൈസൻസ് നൽകിയ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് വിശ്വാസ സംരക്ഷണ യാത്രക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ സുധാകരൻ പറഞ്ഞു. ബി.ജെ.പിയുടെ സമരം ഇരട്ടത്താപ്പാണ്. സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർ ആദ്യം ആർ.എസ്.എസിന്റെയും ബി.ജി.പിയുടെയും നേതാക്കളാണ്. ഇന്നവർ വോട്ടിന് വേണ്ടി ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുകയാണ്. ജെല്ലിക്കെട്ട് വിധിക്കെതിരെ ഇരു സർക്കാറുകളും ഒരുമിച്ചിരുന്നെങ്കിൽ ഭക്തജനങ്ങൾക്ക് ആശ്വാസമായിരുന്നു. എന്നാൽ ശബരിമലയിൽ മുതലെടുപ്പിന് ശ്രമിക്കുന്നവരാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ.ആലിബാപ്പു അധ്യക്ഷനായി. എം.എൽ.എമാരായ ടി.വി ഇബ്രാഹീം, അഡ്വ.കെ.എൻ.എ.ഖാദർ, എ.പി അനിൽ കുമാർ, യു.എ. ലത്തീഫ്, ആര്യാടൻ ഷൗക്കത്ത് സംസാരിച്ചു. ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ഡി.സി.സി പ്രസിഡണ്ട് വി.വി പ്രകാശന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. 

 

Latest News