ജിദ്ദയിലും മക്കയിലും നാളെ കനത്ത മഴക്ക് സാധ്യത

ജിദ്ദ- ജിദ്ദ, മക്ക, തായിഫ്, ഖുന്‍ഫുദ മേഖലകളില്‍ ഇന്ന് ശക്തമായ  മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ രൂക്ഷമായ പൊടിക്കാറ്റും പ്രതീക്ഷിക്കണം.
അസീര്‍, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, ഹായില്‍, ജിസാന്‍, മദീന, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഇന്നും നാളെയും സമാന കാലാവസ്ഥ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊടിക്കാറ്റിനുശേഷം  വടക്കന്‍ അതിര്‍ത്തി, ഹായില്‍ പ്രവിശ്യകളില്‍ ആലിപ്പഴ വര്‍ഷമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മഴക്കെടുതി നേരിടാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യാ നഗരസഭ വ്യക്തമാക്കി. ഡ്രൈനേജ് ജോലിക്കായി മാത്രം 2428 ജോലിക്കാരെയും 321 ഉപകരണങ്ങളും സംവിധാനിച്ചിട്ടുണ്ടെന്നും കിഴക്കന്‍ പ്രവിശ്യാ നഗരസഭാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കനാലുകളിലൂടെയും പൈപ്പ് ലൈനുകളിലൂടെയുമായി 2.5 മില്യണ്‍ ക്യുബിക് വെള്ളം അറേബ്യന്‍ ഉള്‍ക്കടലിലേക്ക് തിരിച്ചുവിട്ടു.
അതിനിടെ, അതിശക്തമായ മഴ പെയ്യാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കുവൈത്തില്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്ന് അവധി നല്‍കി.

 

 

Latest News