വിനോദ സഞ്ചാരികൾക്കായി കോട്ടയം-വൈക്കം- എറണാകുളം ജലപാതയിൽ അതിവേഗ എസി ബോട്ട് സർവീസ്. നാലിന് സർവ്വീസ് ആരംഭിക്കുന്ന എ.സി ബോട്ട് വേഗ 120 പരീക്ഷണ ഓട്ടം നടത്തി. ഗതാഗത ക്കുരുക്കിൽ അകപ്പെടാതെ ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ട് എണാകുളത്തെത്താൻ സാധിക്കുന്ന വേഗത്തിലാണ് ബോട്ട് സഞ്ചരിക്കുക. ഇടയ്ക്കുള്ള മൂന്നു ജെട്ടികളിൽ മാത്രമാണ് തുടക്കത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും കൂടുതൽ സ്റ്റോപ്പുകൾ പിന്നീട് പരിഗണിക്കും.
വൈക്കത്തുനിന്ന് ബോട്ട് വൈറ്റിലയിൽ എത്തുമ്പോൾ കാക്കനാട്ടേക്കുള്ള കണക്ഷൻ ബോട്ട് യാത്രക്കാരെ കാത്ത് കിടപ്പുണ്ടാകും. തവണക്കടവ് പാണാവള്ളി എന്നിവിടങ്ങളിലേക്കും കണക്ഷൻ ബോട്ട് ഉണ്ടായിരിക്കും. എസി വോൾവോ ബസിനേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും ടിക്കറ്റ് ചാർജ്ജ്.
ടിക്കറ്റുകൾ ഓൺ ലൈനിൽ ബുക്കു ചെയ്യുന്നതിനുള്ള സംവിധാനം നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ സഹായത്തോടെ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്. സ്ഥിരം യാത്രക്കാർക്ക് സീസൺ ടിക്കറ്റ് അനുവദിക്കുന്ന കാര്യവും ജല ഗതാഗത വകുപ്പിന്റെ പരിഗണനയിൽ ഉണ്ട്. 120 പേർക്ക് സുഖകരവും സുരക്ഷിതവുമായി സഞ്ചരിക്കാനാവുന്ന ക്രമീകരണങ്ങളാണ് ബോട്ടിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങൾ കപ്പലിന് സമാനമായവയാണ്.
ഹൈഡ്രോളിക് എൻജിനു പുറമേ ഇലക്ട്രിക് എൻജിനും ഘടിപ്പിച്ചിട്ടുള്ള ബോട്ടിന്റെ റൂട്ട് ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരം മാത്രം വൈക്കം-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബോട്ടിൽ യാത്രക്കാർക്ക് ലഘു ഭക്ഷണം നൽകുന്നതിനുള്ള സൗകര്യവും കുടുംബശ്രീയുടെ സഹകരണത്തോടെ സജ്ജമാണ്. സെൻട്രൽ ഏജൻസിയുടെ മാനദണ്ഡങ്ങൾ പാലിച്ച് എറണാകുളത്തെ നവഗതി മറൈൻ എന്ന കമ്പനിയാണ് 1.85 കോടി ചെലവിൽ വേഗയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്.






