ന്യുദല്‍ഹി- പെണ്‍കുട്ടിയുടെ ശ്രദ്ധ പിടിച്ചുപറ്റാനും ആകര്‍ഷിക്കാനും വെള്ളിമൂങ്ങയെ കൊന്ന് കൂടോത്രം നടത്തിയ 40കാരനായ യുവാവിനെ ദല്‍ഹിയില്‍ പോലീസ് പിടികൂടി. ട്രക്ക് ഡ്രൈവറായ കനയ്യയാണ് യുട്യൂബ് വിഡിയോ കണ്ടു മനസ്സിലാക്കിയ ശേഷം വെള്ളിമൂങ്ങയെ പിടികൂടി കീറി കൂടോത്രം ചെയ്തത്. ഇങ്ങനെ ചെയ്താല്‍ ഇഷ്ടമുള്ളയാളെ തന്നിലേക്ക് ആകര്‍ഷിക്കാനാകുമെന്ന അന്ധവിശ്വാസത്തിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. കനയ്യ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. മൃഗ ക്ഷേമ വകുപ്പില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കനയ്യ കുമാറിനെ വീട്ടില്‍ നിന്ന് തൊണ്ടി സഹിതം പിടി കൂടിയത്. കൂടോത്രത്തിലൂടെ ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം.
പോലീസ് ചോദ്യ ചെയ്യലില്‍ ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. വഴിയില്‍ നിന്ന് ലഭിച്ച ചത്ത വെള്ളിമൂങ്ങയാണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പോസ്‌മോര്‍ട്ടത്തില്‍ വെള്ളിമൂങ്ങയെ കൊലപ്പെടുത്തിയതാണന്ന് തെളിയുകയായിരുന്നു. ആദ്യം നഖങ്ങള്‍ കത്തി ഉപേയാഗിച്ച് ചെത്തി മാറ്റിയ ശേഷം നിരവധി സൂചികള്‍ വെള്ളിമൂങ്ങയുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റിയാണ് കൂടോത്രം ചെയ്തത്. ആന്തരാവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തന്റെ ബന്ധുവാണ് വെള്ളിമൂങ്ങയെ സംഘടിപ്പിച്ചു തന്നതെന്നും പ്രതി പറയുന്നുണ്ട്. ഇതു സ്ഥിരീകരിച്ചിട്ടില്ല. പോലീസ് അന്വേഷിച്ചു വരികയാണ്.
കനയ്യയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കൂളറിനകത്തു നിന്നാണ ജീവനില്ലാത്ത വെള്ളിമൂങ്ങയെ ലഭിച്ചത്. ആദ്യ നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടായതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
കനയ്യയുടെ അച്ഛന്‍ ദിപാവലി ദിവസം മരിച്ചിരുന്നു. അച്ഛനു വേണ്ടി ആചാരപ്രകാരം ക്രിയകള്‍ ചെയ്യുകയായിരുന്നെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ കൂടോത്രം ഇതിനു വേണ്ടിയല്ലെന്ന് പിന്നീട് തെളിയുകയായിരുന്നു.






