സനലിനെ തള്ളിയിട്ടത് വാഹനം വരുന്നത് കണ്ടശേഷം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം- നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിനെ ഡിവൈ.എസ്.പി ബി.ഹരികുമാര്‍ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഡി.വൈ.എസ്.പിയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കാന്‍ ഇരിക്കെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സനലിന്റെ ചെകിട്ടത്തടിച്ച ശേഷം വാഹനത്തിന്റെ മുന്നിലേക്ക് ഡിവൈ.എസ്.പി തള്ളിയിട്ടതാണെന്നും ഈ ക്രൂരകൃത്യങ്ങള്‍ക്ക് സാക്ഷി മൊഴികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ പ്രതി റോഡിലേക്ക് തള്ളിയട്ടത്. ഡിവൈ.എസ്.പിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.

മനഃപൂര്‍വം കൊലപാതകം നടത്തിയതിന് രണ്ട് ദൃക്‌സാക്ഷി മൊഴികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് പുറമേ മൂന്നു വകുപ്പുകള്‍ കൂടി ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും കൂടുതല്‍ പേര്‍ പ്രതികളായ സാഹചര്യത്തിലാണ് മൂന്നു വകുപ്പുകള്‍ കൂടി ചുമത്തിയത്. തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് അധികമായി ചേര്‍ത്തത്.

 

 

Latest News